ടി20 ലോകകപ്പില്‍ വില്ലനായി മഴ. ന്യൂയോര്‍ക്കില്‍ നടന്ന ആദ്യമത്സരങ്ങളില്‍ ചെറിയ തോതില്‍ മാത്രമാണ് മഴ വില്ലനായതെങ്കില്‍ ഗ്രൂപ്പ് എയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കാനിരിക്കുന്ന ഫ്‌ളോറിഡയില്‍ കാര്യങ്ങള്‍ അത്ര ശുഭമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കടുത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഫ്‌ലോറിഡയിലുള്ളത്. പാകിസ്ഥാന്റെയടക്കം ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കേണ്ടത് ഫ്‌ളോറിഡയിലാണ്.
ഇന്ത്യ- കാനഡ,പാകിസ്ഥാന്‍- അയര്‍ലന്‍ഡ്, അമേരിക്ക- അയര്‍ലന്‍ഡ് മത്സരങ്ങളാണ് ഗ്രൂപ്പില്‍ ബാക്കിയുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങള്‍ നടക്കുന്നതിന് സാധ്യത കുറവാണെന്നാണ് അറിയുന്നത്. മഴ മൂലം ഈ മത്സരങ്ങള്‍ റദ്ദാക്കപ്പെട്ടാല്‍ അത് ഏറ്റവുമധികം ബാധിക്കുക പാകിസ്ഥാനാകും. നിലവില്‍ 2 പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്. ദുര്‍ബലരായ കാനഡയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിക്കുകയും അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പാകിസ്ഥാന് സൂപ്പര്‍ 8 ഉറപ്പിക്കാനാകും. എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ 5 പോയിന്റുകളുമായി അമേരിക്ക ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പില്‍ നിന്നും യോഗ്യത നേടും.