Robin Uthappa: ഐപിഎല്ലിൽ 4952 റൺസ്, മൂന്ന് കിരീടനേട്ടം: പക്ഷേ ഇന്ത്യയ്ക്കായി കളിച്ചത് 13 ടി20 മത്സരങ്ങൾ മാത്രം: ഇന്ത്യ പാഴാക്കിയ പ്രതിഭ
ഐപിഎല്ലിൽ നിരന്തരം മികവ് പുലർത്തിയെങ്കിലും കിട്ടിയ അവസരങ്ങളിൽ ടി20യിൽ ദേശീയ ടീമിനായി തൻ്റെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താൻ ഉത്തപ്പയ്ക്കായില്ല.
ഇന്ത്യയുടെ മുൻ വെടിക്കെട്ട് താരവും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ റോബിൻ ഉത്തപ്പ ഇന്നലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്. ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് വിജയത്തിൽ പങ്കാളിയായ ഉത്തപ്പ മൈതാനങ്ങളിൽ നിരവധി ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ച പ്രതിഭയാണ്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിട്ടും ഐപിഎല്ലിൽ നിരന്തരം മികച്ച പ്രകടനങ്ങൾ ആവർത്തിച്ചും ഇന്ത്യൻ ജേഴ്സിയിൽ വെറും 13 ടി20 മത്സരങ്ങൾ മാത്രമാണ് റോബിൻ ഉത്തപ്പ കളിച്ചത്.
ഇതിഹാസ ഓപ്പണർ വിരേന്ദേർ സെവാഗിന് സമാനമായി നിർദയം ബൗളർമാരെ മർദ്ദിച്ചുകൊണ്ട് തകർത്തടിച്ചുകൊണ്ടാണ് റോബിൻ ഉത്തപ്പ ശ്രദ്ധനേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9446 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 6534 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളിലും 13 ടി20 കളിലും താരം കളിച്ചു. ഐപിഎല്ലിലെ മിന്നും താരങ്ങളിൽ ഒരാൾ കൂടിയായിരുന്ന റോബിൻ ഉത്തപ്പ കുട്ടിക്രിക്കറ്റിൽ തനിക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച താരമാണ്.
ഐപിഎല്ലിൽ നിരന്തരം മികവ് പുലർത്തിയെങ്കിലും കിട്ടിയ അവസരങ്ങളിൽ ടി20യിൽ ദേശീയ ടീമിനായി തൻ്റെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താൻ ഉത്തപ്പയ്ക്കായില്ല. റിഷഭ് പന്തിനെ പോലുള്ള താരങ്ങൾക്ക് ലഭിച്ച പിണുണയുടെ മൂന്നിലൊന്ന് ലഭിച്ചിരുന്നെങ്കിൽ ടി20യിൽ ഇന്ത്യൻ ജേഴ്സിയിൽ ഉത്തപ്പയ്ക്ക് അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുമായിരുന്നു എന്നത് ഉറപ്പ്.
ഐപിഎല്ലിൽ 205 മത്സരങ്ങളിൽ നിന്ന് 27.5 ബാറ്റിങ് ശരാശരിയിൽ 4952 റൺസാണ് ഉത്തപ്പയുടെ പേരിലുള്ളത്. മൂന്ന് ഐപിഎൽ കിരീടനേട്ടത്തിൽ പങ്കാളിയായ ഉത്തപ്പ 27 അർധസെഞ്ചുറികളും ഐപിഎല്ലിൽ കണ്ടെത്തിയിട്ടുണ്ട്. 2014ലെ ഐപിഎൽ സീസണിലായിരുന്നു ഉത്തപ്പയുടെ മികച്ച പ്രകടനം അന്ന് കെകെആർ ജേഴ്സിയിൽ 660 റൺസ് അടിച്ചെടുത്ത ഉത്തപ്പ സീസണിലെ ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപും നേടിയിരുന്നു.