ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ്. വാർഷിക പ്രതിഫലത്തിനും മാച്ച് ഫീസിനും പുറമെ കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ബോണസും ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കാറുണ്ട്. ഈ അധിക തുക എത്രയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരമായ ആകാശ് ചോപ്ര.
ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയാൽ 7 ലക്ഷം രൂപയും സെഞ്ചുറി നേടിയാൽ അഞ്ച് ലക്ഷം രൂപയുമാണ് ബോണസായി ലഭിക്കുന്നത്.അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളർക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന് മാച്ച് ഫീസായി ലഭിക്കുന്ന 15 ലക്ഷം രൂപയുടെ പുറമെയാണിത്.
ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ അശ്വിൻ എട്ടു വിക്കറ്റും സെഞ്ചുറിയും നേടിയിരുന്നു. ഇതിലൂടെ ആ മത്സരത്തിൽ അശ്വിന് 25 ലക്ഷം രൂപ ലഭിച്ചുകാണുമെന്നാണ് ചോപ്ര പറയുന്നത്. ഏകദിനത്തിൽ ആറ് ലക്ഷം രൂപയും ടി20യിൽ 3 ലക്ഷം രൂപയുമാണ് മാച്ച് ഫീസായി ലഭിക്കുന്നത്. . ടീമിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ കളിക്കാത്ത താരങ്ങൾക്ക് മാച്ച് ഫീയുടെ 50 ശതമാനം ലഭിക്കും.