Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വർഷം മുൻപ് ഡിവിഷൻ സി ക്രിക്കറ്റ് കളിച്ചിരുന്ന രാജ്യം, 2010 ൽ മാത്രം രാജ്യാന്തര ക്രിക്കറ്റിലെത്തിയ അഫ്ഗാൻ ഇന്ന് സെമിയിൽ, അത്ഭുതമാണ് ഈ ടീം

Afghan team, Worldcup

അഭിറാം മനോഹർ

, ബുധന്‍, 26 ജൂണ്‍ 2024 (13:22 IST)
ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് സെമിഫൈനല്‍ പ്രവേശനം നേടിയതോടെ ക്രിക്കറ്റ് ലോകത്തെ അത്ഭുത ടീമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഒരു രാജ്യം ക്രിക്കറ്റില്‍ പിച്ച വെച്ച് വെറും 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ടി20 ലോകകപ്പില്‍ കരുത്തരായ ഓസീസിനെയും തോല്‍പ്പിച്ച സെമിഫൈനല്‍ വരെയെത്തിയ യാത്ര ഏതൊരു ക്രിക്കറ്റ് ആരാധകനെയും കോരിത്തരിപ്പിക്കുന്നതാണ്.
 
 കിരീടങ്ങള്‍ ലക്ഷ്യമിട്ട് ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് പോരാട്ടങ്ങളില്‍ 2010ലായിരുന്നു ആദ്യമായി അഫ്ഗാന്‍ കളത്തിലിറങ്ങിയത്. അന്ന് തൊട്ട് വര്‍ഷങ്ങളോളം ലോകകപ്പില്‍ സാന്നിധ്യം അറിയിക്കുക എന്നത് മാത്രമായിരുന്നു അഫ്ഗാന്റെ ലക്ഷ്യം. യുദ്ധവും ആഭ്യന്തരസംഘര്‍ഷങ്ങളും കാരണം ജനത തന്നെ അഭയാര്‍ഥികളായി മാറിയപ്പോള്‍ അഫ്ഗാന്‍ ടീമില്‍ ഇന്നുള്ള പല താരങ്ങളും ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് മറ്റ് പല രാജ്യങ്ങളുടെയും മണ്ണിലാണ്. സ്വന്തമായി പരിശീലനത്തിനായി സൗകര്യങ്ങളില്ലാതിരുന്ന അഫ്ഗാന് ഇന്നും വലിയ രീതിയില്‍ സഹായം നല്‍കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഈ സ്‌നേഹം അഫ്ഗാന്‍ താരങ്ങള്‍ ഇന്നും ഇന്ത്യയോട് കാണിക്കുന്നു.
 
20 വര്‍ഷങ്ങള്‍ക്ക് മുകളിലായി വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും അഫ്ഗാനായും കളിക്കുന്ന മുഹമ്മദ് നബിയായിരുന്നു അഫ്ഗാന്റെ ആദ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റര്‍. അഫ്ഗാന്‍ ക്രിക്കറ്റ് തുടങ്ങിയ കാലത്തെ ടീമിലുള്ള നബി ഇന്നും അഫ്ഗാന്‍ ടീമില്‍ സാന്നിധ്യമായുണ്ട്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസിസിയുടെ ഡിവിഷന്‍ സി ലെവലില്‍ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന അഫ്ഗാന്‍ അന്ന് ഏറ്റുമുട്ടിയിരുന്നത് ജപ്പാന്‍,സിംഗപ്പൂര്‍,ഹോങ്കോങ്ങ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയായിരുന്നു. 2010ലെ ടി20 ലോകകപ്പില്‍ യോഗ്യത റൗണ്ട് കളിച്ചെത്തിയ അഫ്ഗാന്‍ ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെട്ടു മടങ്ങി.
 
 എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം ടി20യിലും ഏകദിനത്തിലും ഏത് ടീമിനെയും തങ്ങളുടെ ദിവസത്തില്‍ തോല്‍പ്പിക്കാവുന്ന ടീമായി അഫ്ഗാന്‍ മാറി. ക്രിക്കറ്റിന്റെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്ന സ്ഥിതിയില്‍ അഫ്ഗാന്‍ കൂടുതല്‍ അപകടകാരികളായി മാറി. ആദ്യം മുഹമ്മദ് നബി മാത്രമാണ് അഫ്ഗാനില്‍ നിന്നുള്ള സൂപ്പര്‍ താരമായി ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് വിവിധ ക്രിക്കറ്റ് ലീഗുകളിലൂടെ റാഷിദ് ഖാന്‍ എന്ന സൂപ്പര്‍ താരവും ഉദയം ചെയ്തു. ലോകത്ത് നടക്കുന്ന ഒരുവിധം എല്ലാ ഫ്രാഞ്ചൈസി ലീഗുകളിലും കളിക്കുന്ന താരങ്ങളാണ് ടി20 ക്രിക്കറ്റില്‍ അഫ്ഗാന്റെ ശക്തി.
 
 ഒരു മുഹമ്മദ് നബിയിലും റാഷിദ് ഖാനിലും ഒതുങ്ങിയിരുന്ന അഫ്ഗാന് ഇന്ന് റഹ്മാനുള്ള ഗുര്‍ബാസ്, നവീന്‍ ഉള്‍ ഹഖ്,ഫസല്‍ ഹഖ് ഫാറൂഖി,ഇബ്രാഹിം സര്‍ദ്രാന്‍ തുടങ്ങി ഒരുപിടി താരങ്ങളെ എടുത്തുകാണിക്കാനുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെയടക്കം പരാജയപ്പെടുത്തി നല്ല രീതിയില്‍ മുന്നേറിയെങ്കിലും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയത്. സെമിഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ 2 മത്സരങ്ങളുടെ അകലം മാത്രമെ ലോകകപ്പ് കിരീടവും അഫ്ഗാന്‍ ടീമും തമ്മില്‍ ഇപ്പോഴുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാന്റെ ചരിത്രനേട്ടം, ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍