Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sarfaraz Khan:ആര്‍സിബിക്കായി തകര്‍ത്തടിച്ചിരുന്ന സര്‍ഫറാസിനെ ഓര്‍മയുണ്ടോ? എന്താണ് താരത്തിന്റെ കരിയറില്‍ സംഭവിച്ചത്?

Sarfaraz khan

അഭിറാം മനോഹർ

, വ്യാഴം, 1 ഫെബ്രുവരി 2024 (19:23 IST)
Sarfaraz khan
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് മുതല്‍ സര്‍ഫറാസ് ഖാനാണ് ക്രിക്കറ്റ് ലോകത്തിന്റെ സംസാരവിഷയം. ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിയെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തി ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുണ്ടായ പരിക്കുകളും മറ്റും കാരണം സര്‍ഫറാസ് ക്രിക്കറ്റ് ലോകത്ത് നിന്നും പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര ലീഗില്‍ കഴിവ് തെളിയിച്ചാണ് ഇന്ത്യന്‍ ടീമില്‍ താരം അവസരം നേടിയിരിക്കുന്നത്. പരാജയങ്ങളില്‍ തകര്‍ന്നിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ശരിക്കും പാഠമാക്കാന്‍ പറ്റുന്നതാണ് ക്രിക്കറ്റ് ലോകത്ത് എഴുതിതള്ളപ്പെട്ടിട്ടും സര്‍ഫറാസ് ഖാന്‍ നടത്തിയ തിരിച്ചുവരവിന്റെ കഥ.
 
2009ല്‍ തന്റെ 12 വയസ്സില്‍ 1988ല്‍ ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുറിച്ച റെക്കോര്‍ഡ് നേട്ടം മറികടന്നുകൊണ്ടാണ് സര്‍ഫറാസ് ആദ്യമായി ശ്രദ്ധ നേടുന്നത്. ഹാരിസ് ഷീല്‍ഡ് ട്രോഫിയില്‍ 439 പന്തില്‍ നിന്നും 421 റണ്‍സായിരുന്നു അന്ന് സര്‍ഫറാസ് നേടിയത്. പ്രകടനത്തോടെ മുംബൈ അണ്ടര്‍ 19 ടീമിലേക്കും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും ഉടനെ തന്നെ സര്‍ഫറാസിന് അവസരം ലഭിച്ചു. 2014ലും 2016ലും ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ താരത്തിനായി. അണ്ടര്‍ 19 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയതോടെയാണ് 2015ല്‍ താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അന്ന് സര്‍ഫറാസ് സ്വന്തമാക്കി.17 വയസ്സായിരുന്നു അന്ന് താരത്തിന്റെ പ്രായം. ആര്‍സിബിക്കായി ആദ്യ 2 സീസണില്‍ തന്നെ ചില മികച്ച പ്രകടനങ്ങള്‍ നടത്താനായതോടെ താരം ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നീടുണ്ടായ പരിക്ക് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിയ്ക്കുന്നതായിരുന്നു.
webdunia
Sarfaraz Khan,Indian Cricket
 
പരിക്കിനെ തുടര്‍ന്ന് സര്‍ഫറാസിന്റെ ഭാരം കൂടിയത് ഫിറ്റ്‌നസിനെയും കളിയേയും ബാധിച്ചു. തുടരെ മോശം പ്രകടനങ്ങള്‍ വന്നതോടെ ആര്‍സിബിയില്‍ കോലിയും കൈയൊഴിഞ്ഞു. തുടര്‍ന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് താരം മാറി. ഈ സമയത്ത് രഞ്ജിയിലും മികച്ച പ്രകടനങ്ങളൊന്നും തന്നെ നടത്താന്‍ താരത്തിനായില്ല. പതിയെ ക്രിക്കറ്റ് ആരാധകരും സര്‍ഫറാസ് എന്ന കളിക്കാരനെ മറന്നു കളഞ്ഞു. 2016-2019 വരെയുള്ള കാലയലവ് സര്‍ഫറാസിനെ സംബന്ധിച്ചിടത്തോളം കഷ്ടപാടുകളുടേത് മാത്രമായിരുന്നു. എന്നാല്‍ 2020 ഓടെ രഞ്ജിയില്‍ ശക്തമായി തിരിച്ചെത്താന്‍ സര്‍ഫറാസിനായി തുടരെ മികച്ച പ്രകടനങ്ങള്‍ ആഭ്യന്തര ലീഗില്‍ നടത്തിയതോടെ ഐപിഎല്ലില്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും കുട്ടി ക്രിക്കറ്റില്‍ പണ്ടതേതു പോലെ ശോഭിക്കാന്‍ താരത്തിനായില്ല.
webdunia
 
2019-20 സീസണില്‍ രഞ്ജി ട്രോഫിയില്‍ തന്റെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചുറി താരം കണ്ടെത്തി.2019-20 സീസണില്‍ മുംബൈക്കായി 154.66 ശരാശരിയില്‍ 301, 226, 177 റണ്‍സ് ഇന്നിംഗ്‌സുകളോടെ ആകെ 928 റൺസാണ് താരം നേടിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആഭ്യന്തര ലീഗില്‍ സെഞ്ചുറികള്‍ നേടുന്നത് സര്‍ഫറാസ് പതിവാക്കിയതോടെ താരത്തിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ കോലി,രഹാനെ,പുജാര,രോഹിത് എന്നിങ്ങനെ താരനിബിഡമായ ടീമില്‍ സര്‍ഫറാസിന് അവസരം ലഭിച്ചില്ല. എങ്കിലും ആഭ്യന്തര ലീഗില്‍ റണ്‍സടിക്കുന്നത് സര്‍ഫറാസ് തുടര്‍ന്നു. ഒടുവില്‍ 2024 ജനുവരി 29നാണ് താരത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരമൊരുങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ച കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സര്‍ഫറാസിന് വിളിയെത്തിയത്. രണ്ടാം ടെസ്റ്റില്‍ താരം ഇന്ത്യയ്ക്കായി കളിക്കുമോ എന്നതില്‍ ഉറപ്പില്ലെങ്കിലും കായികലോകത്ത് വിസ്മരിക്കപ്പെട്ടയിടത്ത് നിന്നും ദേശീയ ടീമില്‍ തിരിച്ചെത്തുക എന്ന ആവേശകരമായ കാര്യം എല്ലാവര്‍ക്കും ചെയ്യാനാകില്ല. അതിനാല്‍ തന്നെ ഏതൊരാള്‍ക്കും പ്രചോദനം നല്‍കുന്നതാണ് സര്‍ഫറാസിന്റെ ടീം പ്രവേശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോയ്ബ് ബഷീറും റെഹാൻ അഹ്മദും ജനിക്കുന്നതിന് മുൻപെ ഇംഗ്ലണ്ടിനായി കളി തുടങ്ങിയ ആൻഡേഴ്സൺ, ഇന്നിപ്പോൾ അവരുടെ സഹതാരം