സീനിയര്‍ താരങ്ങള്‍ കളിച്ചേ പറ്റൂവെന്ന് ഗംഭീര്‍; ആര് പറഞ്ഞാലും കളിക്കില്ലെന്ന് കോലി !
അതേസമയം മുതിര്‍ന്ന താരങ്ങള്‍ ഏകദിനം കളിക്കണമെന്ന ഗംഭീറിന്റെ നിലപാടിനോടു യോജിക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ബിസിസിഐയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നീളുന്നു. നായകന്റെ കാര്യത്തില്‍ അടക്കം ഗംഭീറും ബോര്‍ഡും രണ്ട് തട്ടിലാണ്. യോജിച്ച തീരുമാനത്തിലേക്ക് എത്തിയാല്‍ മാത്രമേ ടീം പ്രഖ്യാപനം ഉണ്ടാകൂ. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയായി മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ആദ്യ മത്സരത്തിനു പത്ത് ദിവസം പോലും ഇനി ശേഷിക്കുന്നില്ല. എന്നിട്ടും ടീം പ്രഖ്യാപനം നടക്കാത്തത് ആരാധകരെയും ചൊടിപ്പിക്കുന്നു.
ട്വന്റി 20 യില്‍ നായകനായി ഹാര്‍ദിക് പാണ്ഡ്യയെ മതിയെന്ന നിലപാടിലായിരുന്നു ആദ്യംമുതലേ ബിസിസിഐ. എന്നാല്‍ സൂക്യകുമാര്‍ യാദവിനെ നായകനാക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഗംഭീറിന്റെ അഭിപ്രായത്തിനൊപ്പമായിരുന്നു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക്കിനെ തീരുമാനിച്ചതാണെന്നും ഇനിയൊരു മാറ്റം വന്നാല്‍ അത് ടീമിനുള്ളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നുമുള്ള നിലപാടിലാണ് ബിസിസിഐ. ഹാര്‍ദിക്കിനെ നായകനാക്കാന്‍ ഒടുവില്‍ ഗംഭീറും സമ്മതം മൂളിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മുതിര്‍ന്ന താരങ്ങള്‍ ഏകദിനം കളിക്കണമെന്ന ഗംഭീറിന്റെ നിലപാടിനോടു യോജിക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരത്തെ വിശ്രമം അനുവദിച്ചിട്ടുള്ളതാണെന്നും ശ്രീലങ്കയ്‌ക്കെതിരായ ഏകദിനം കളിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ബിസിസിഐ ആവര്‍ത്തിച്ചു. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പായി അധികം ഏകദിനങ്ങള്‍ ഇല്ലാത്തതിനാല്‍ രോഹിത്തും കോലിയും നിര്‍ബന്ധമായും ശ്രീലങ്കയ്‌ക്കെതിരെ കളിക്കണമെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ഒടുവില്‍ ഗംഭീറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രീലങ്കയ്‌ക്കെതിരെ കളിക്കാമെന്ന നിലപാടിലേക്ക് നായകന്‍ രോഹിത് ശര്‍മ എത്തിയിട്ടുണ്ട്. അപ്പോഴും വിരാട് കോലി മുഖം തിരിച്ചു നില്‍ക്കുകയാണ്. ഐപിഎല്ലിനും ട്വന്റി 20 ലോകകപ്പിനും ശേഷം വിശ്രമം ആവശ്യമാണെന്ന് കോലി നേരത്തെ ബോര്‍ഡിനെ അറിയിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോലി ഇപ്പോഴും.