ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയ ഹര്‍ഷിത് റാണയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പരസ്യമായി തള്ളിപറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യയുടെ 3 ഫോര്‍മാറ്റിലും ഹര്‍ഷിത് ഇടം പിടിക്കുന്നതില്‍ ആരാധകര്‍ക്കിടയില്‍ തന്നെ വിമര്‍ശനം ഉയരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ താരങ്ങളായ കെ ശ്രീകാന്ത്, ആര്‍ അശ്വിന്‍ എന്നിവരും തങ്ങളുടെ വിമര്‍ശനം പരസ്യമാക്കിയിരുന്നു. ഇതാണ് കോച്ചിനെ ചൊടുപ്പിച്ചത്.
ഇത്തരം പരിഹാസങ്ങള്‍ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്നും ഇന്ത്യയ്ക്കായി കളിച്ചുതുടങ്ങിയ യുവതാരങ്ങളെ ട്രോളിയല്ല നിങ്ങളുടെ യൂട്യൂബ് ചാനലുകള്‍ക്ക് ആളെ കൂട്ടേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. ഒരാളെ പോലും നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്തത് അന്യായമാണ്. ഹര്‍ഷിതിന്റെ അച്ഛന്‍ മുന്‍ ക്രിക്കറ്റ് താരമോ, മുന്‍ ചെയര്‍മാനോ എന്‍ആര്‍ഐയോ ഒന്നുമല്ല. നിങ്ങള്‍ക്ക് ഒരാളുടെ പ്രകടനത്തെ വിമര്‍ശിക്കാം. അല്ലാതെ കേവലം 23 വയസ് മാത്രമുള്ള താരത്തെ ലക്ഷ്യമിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയരുത്.
യുവതാരങ്ങളെ തിരെഞ്ഞുപിടിച്ച് ആക്രമിച്ചാല്‍ അവരുടെ മാനസികാവസ്ഥയേയും ആത്മവിശ്വാസത്തെയും അത് തകര്‍ക്കും. സമൂഹമാധ്യമങ്ങള്‍ നിങ്ങള്‍ പറഞ്ഞതിനെ ഇരട്ടിയാക്കി കാണിച്ച് പ്രചാരണം നല്‍കും. ഇന്ന് ഹര്‍ഷിതാണ്. നാളെ മറ്റൊരു താരമാകും. നിങ്ങള്‍ വിമര്‍ശിച്ചോളു. യുവതാരങ്ങളെ ഇങ്ങനെ ലക്ഷ്യം വെയ്ക്കരുത്. ഹര്‍ഷിതിനെ മാത്രമല്ല. എല്ലാ യുവതാരങ്ങളെയും പറ്റിയാണ്. അവരെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം.ഗംഭീര്‍ പറഞ്ഞു.