ഐപിഎല്ലിൽ ലഖ്നൗ- ബാംഗ്ലൂർ മത്സരത്തിനിടയിൽ ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും ആർസിബി താരം വിരാട് കോലിയും തമ്മിലുണ്ടായ വാക്പോര് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ സംസാരവിഷയമാണ്. ഇരു താരങ്ങളും സ്വയം നിയന്ത്രിക്കേണ്ടതായിരുന്നു എന്ന് പറയുന്നവരും ഗംഭീർ ചെയ്തതിനുള്ള മറുപടി മാത്രമാണ് കോലി നൽകിയതെന്നും പറയുന്ന ആളുകൾ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കോലിയെ പിന്തുണച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ രജത് ശർമയ്ക്ക് ട്വിറ്ററിൽ മറുപടി നൽകിയിരിക്കുകയാണ് ഗൗതം ഗംഭീർ.
എംപിയായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഗംഭീറിൻ്റെ ഈഗോ വർധിച്ചിട്ടുണ്ടെന്നും കോലിയുടെ ജനപ്രീതിയിൽ ഗംഭീർ ആശങ്കപ്പെടുന്നുവെന്നുമാണ് വാർത്ത അവതാരകനായ രജത് ശർമ പറഞ്ഞത്. കോലിയുടെ ജനപ്രീതി ഗംഭീറിനെ ആശങ്കപ്പെടുത്തുന്നു എന്നത് ഗ്രൗണ്ടിൽ വ്യക്തമായി. കോലി ആക്രമണോത്സുകനായ കളിക്കാരനാണ്. ഒരു വിഡ്ഡിത്തവും അയാൾ സഹിക്കില്ല. അതിനാൽ ഗംഭീറിന് കോലി ഉചിതമായ മറുപടി നൽകി എന്നാണ് രജത് പറഞ്ഞത്. ഇതിനാണ് ഗംഭീർ ട്വിറ്ററിലൂടെ മറുപടി നൽകിയത്.
രജത്തിൻ്റെ പേര് പറയാതെയാണ് ഗംഭീറിൻ്റെ ട്വീറ്റ്. സമ്മർദ്ദം ചൂണ്ടികാട്ടി ഡൽഹി ക്രിക്കറ്റിൽ നിന്നും ഒളിച്ചോടിയ മനുഷ്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പണമടച്ചുള്ള പിആർ വർക്കിൽ ഉത്സുകനാണെന്ന് തോന്നുന്നു. ഓടി പോകുന്നവർ സ്വന്തമായി കോടതികൾ നടത്തുന്ന സമയമാണിത്. രജത് ശർമയുടെ ആപ് കി അദാലത്ത് എന്ന ടിവി ഷോയെ പരിഹസിച്ച് കൊണ്ട് ഗംഭീർ കുറിച്ചു.