Gautam Gambhir: ടെസ്റ്റില്‍ ഗംഭീറിനു പകരം ലക്ഷ്മണ്‍? വ്യക്തത വരുത്തി ബിസിസിഐ
ഗംഭീറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വസ്തുതാപരമായ കാര്യമല്ല മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു
Publish Date: Mon, 29 Dec 2025 (07:41 IST)
Updated Date: Mon, 29 Dec 2025 (07:42 IST)
Gautam Gambhir: ഗൗതം ഗംഭീറിനെ ഇന്ത്യയുടെ ടെസ്റ്റ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാന്‍ ആലോചനകള്‍ നടന്നിരുന്നെന്ന റിപ്പോര്‍ട്ട് തള്ളി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു പിന്നാലെ ഗംഭീറിനെ മാറ്റി പകരം വി.വി.എസ് ലക്ഷ്മണിനെ പരിശീലകനാക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നതായാണ് വാര്‍ത്ത പ്രചരിച്ചത്.
ഗംഭീറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വസ്തുതാപരമായ കാര്യമല്ല മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ' ഇതു പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. ഭാവനയില്‍നിന്നുണ്ടായ ഒരു വാര്‍ത്ത. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല. ബിസിസിഐ ഇതു നിഷേധിക്കുന്നു. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെല്ലാം ചിന്തിക്കാം, പക്ഷേ ബിസിസിഐ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ആരുടെയോ ഭാവനയാണ്,' സൈകിയ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ന്യൂസിലന്‍ഡിനെതിരായ നാട്ടിലെ പരമ്പര തോല്‍വി, ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടു തോറ്റത്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസ് തോല്‍വി എന്നിവയെല്ലാം ഗംഭീറിന്റെ പരിശീലകസ്ഥാനത്തിനു ചോദ്യചിഹ്നമാകുന്നു.