ടെസ്റ്റ് ക്രിക്കറ്റിനോട് താത്പര്യമുള്ളവരെമാത്രമെ ടീമിലേക്ക് പരിഗണിക്കുവെന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭിപ്രായത്തോടെ 100 ശതമാനം യോജിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാന്‍ കടുത്ത അഭിനിവേശം വേണമെന്നും അതില്ലാത്തവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു.
ടെസ്റ്റ് സീരീസിനിടെ പിന്‍വാങ്ങിയ ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും പോലെയുള്ള യുവതാരങ്ങളെ പറ്റിയാണ് രോഹിത് പരാമര്‍ശിച്ചതെന്ന് വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവാസ്‌കറുടെ പ്രതികരണം. രോഹിത് പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് ഗവാസ്‌കര്‍ പറയുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് പണവും പ്രശസ്തിയുമെല്ലാം നല്‍കിയത് ക്രിക്കറ്റാണെന്നും അതിനോട് അവര്‍ അല്പമെങ്കിലും കൂറ് കാട്ടണമെന്നും ഗവാസ്‌കര്‍ പറയുന്നു.
ഞാന്‍ വര്‍ഷങ്ങളായി പറയുന്ന കാര്യമാണിത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമുള്ളവരെ മാത്രം ഇനി ടീമിലേക്ക് പരിഗണിച്ചാല്‍ മതി. ഈ കളിക്കാരെയെല്ലാം സൂപ്പര്‍ താരങ്ങളാക്കിയതും അവര്‍ക്ക് പണവും പ്രശസ്തിയും നല്‍കിയത് ക്രിക്കറ്റാണ്. അതിനോട് അല്പമെങ്കിലും കൂറ് കാണിക്കണം. അതില്ലാതെ ഞാനതില്‍ കളിക്കില്ല, ഇതില്‍ കളിക്കില്ല എന്ന് പറയുന്നവരെ എന്ത് കാരണം പറഞ്ഞാലും ഒഴിവാക്കണം. ടെസ്റ്റ് ക്രിക്കറ്റിനോട് താത്പര്യമുള്ളവരെ പരിഗണിക്കുകയും വേണം.
പല കളിക്കാരും അവര്‍ക്കിഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നു. അത് അനുവദിക്കാന്‍ പറ്റില്ല. അതാണ് സെലക്ടര്‍മാരുടെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അത് നല്ല കാര്യമാണെന്നും സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു. രഞ്ജി ട്രോഫി കളിക്കാന്‍ താത്പര്യമില്ലാത്തവരെ ഒരു കാരണവശാലും ടെസ്റ്റിലേക്ക് പരിഗണിക്കരുതെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.