ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ബാസ്‌ബോള്‍ ക്രിക്കറ്റും പരമ്പരാഗത ക്രിക്കറ്റും തമ്മിലുള്ള പോരാട്ടമാകുമെന്ന് പരമ്പരയ്ക്ക് മുന്‍പ് തന്നെ വ്യക്തമായിരുന്നതാണ്. ബാസ്‌ബോള്‍ ശൈലിയില്‍ ഇതുവരെയും ഒരു പരമ്പര പോലും നഷ്ടമായിട്ടില്ലെന്ന റെക്കോര്‍ഡുമായാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയത്. ഇന്ത്യയാകട്ടെ വിരാട് കോലിയുടെ വിട്ടുനില്‍ക്കലും ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍ എന്നിവരുടെ പരിക്ക് മൂലം ദുര്‍ബലമായ നിരയുമായാണ് ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്.
ബാറ്റിംഗ് നിരയില്‍ പരിചയസമ്പന്നരായ താരങ്ങള്‍ ആരുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് എന്നതിനാല്‍ തന്നെ ആദ്യം ദിനം തന്നെ സ്പിന്‍ ചെയ്യുന്ന പിച്ചുകളായിരുന്നില്ല ഇത്തവണ ഒരുക്കിയത്. ബാറ്റിംഗ് നിരയില്‍ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍,സര്‍ഫറാസ് ഖാന്‍,കെ എസ് ഭരത്,ധ്രുവ് ജുറല്‍,രജത് പാട്ടീദാര്‍ എന്നിവരാരും തന്നെ വേണ്ടത്ര പരിചയസമ്പത്തില്ലാത്തവരും പലരും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നവരുമായിരുന്നു. എങ്കിലും ഈ ബാറ്റിംഗ് നിരയുപയോഗിച്ച് കൊണ്ട് ഇംഗ്ലണ്ട് ബൗളിംഗ് ആക്രമണത്തെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ജയിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഈ ടെസ്റ്റിന് പിന്നാലെയായിരുന്നു കെ എല്‍ രാഹുലിന്റെയടക്കമുള്ള സേവനം ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ യുവതാരങ്ങളില്‍ രജത് പാട്ടീദാര്‍,കെ എസ് ഭരത് എന്നിവരൊഴികെ എല്ലാവരും തന്നെ ടീമിന് ഉറച്ച പിന്തുണ നല്‍കി. ടീമിന്റെ നെടുന്തൂണുകളായ കോലി,കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവം അറിയിക്കാതെ തന്നെ ഉത്തരവാദിത്വപൂര്‍വം യുവനിര അവസരത്തിനൊത്തുയര്‍ന്നു.
രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുമ്ര എന്നിവര്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നിട്ടും തീര്‍ത്തും പരിചയസമ്പത്തില്ലാത്ത യുവനിര ബാറ്റര്‍മാരായി എത്തിയിട്ടും മികച്ച ഫോമിലെത്തിയ ഇംഗ്ലണ്ട് നിരയെ തകര്‍ക്കാനായി എന്നത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് പൊന്‍തൂവലായി മാറിയിരിക്കുകയാണ്.