Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ പോലും ഇടം ലഭിച്ചേക്കാം, ഇനിയും അവസരം നശിപ്പിച്ചാല്‍ പഴി സഞ്ജു തന്നെ ഏല്‍ക്കണം

തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ പോലും ഇടം ലഭിച്ചേക്കാം, ഇനിയും അവസരം നശിപ്പിച്ചാല്‍ പഴി സഞ്ജു തന്നെ ഏല്‍ക്കണം
, വ്യാഴം, 6 ജൂലൈ 2023 (16:14 IST)
2023ല്‍ ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു സുവര്‍ണ്ണാവസരമാണ് മലയാളി താരം സഞ്ജു സാംസണിന് മുന്നിലുള്ളത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിലെ പ്രകടനങ്ങള്‍ വരാനിരിക്കുന്ന ലോകകപ്പ് ടീം തിരെഞ്ഞെടുപ്പില്‍ തന്നെ നിര്‍ണായകമായേക്കാമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നീ താരങ്ങളുടെ പരിക്കും റിഷഭ് പന്തിനുണ്ടായ അപ്രതീക്ഷിതമായ അപകടം മൂലം ടീമില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അസ്സാന്നിധ്യവുമാണ് സഞ്ജു സാംസണിന് അനുകൂലമായ ഘടകങ്ങള്‍.
 
നിലവില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. സ്പിന്നിനെതിരെയും പേസിനെതിരെയും ഒരു പോലെ മികവ് പുലര്‍ത്തുന്ന സഞ്ജുവിന് മധ്യനിരയിലെ സുപ്രധാനമായ റോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എനിവരുടെ അസ്സാന്നിധ്യമാണ് സഞ്ജുവിനെ മധ്യനിരയിലേയ്ക്ക് പരിഗണിക്കാന്‍ ടീമിനെ പ്രേരിപ്പിക്കുന്നത്.
 
പലപ്പോഴും ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി വന്നിട്ടും ഏകദിനത്തില്‍ മാത്രമാണ് സഞ്ജുവിന് തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാനായിട്ടുള്ളത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 13 ഇന്നിങ്ങ്‌സില്‍ നിന്നും 360 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായിട്ടുള്ളത്. റിഷഭ് പന്തിന്റെ അസ്സാന്നിധ്യത്തില്‍ ഇഷാന്‍ കിഷനെയും സഞ്ജു സാംസണിനെയുമാണ് ഇന്ത്യ ബാക്കപ്പ് കീപ്പര്‍മാരായി പരിഗണിക്കുന്നത്. 2023 അവസാനം വരെ പന്ത് കളിക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരകളില്‍ തിളങ്ങാനായാല്‍ കീപ്പര്‍ പൊസിഷനില്‍ അവകാശവാദം ഉയര്‍ത്താന്‍ സഞ്ജുവിനാകും. ഒക്ടോബറില്‍ ഏകദിന ലോകകപ്പ് നടക്കും എന്നിരിക്കെ വിന്‍ഡീസ് പര്യടനത്തില്‍ പരാജയപ്പെട്ടാല്‍ സഞ്ജുവിന് മുന്നില്‍ ഏറെ അവസരങ്ങള്‍ ലഭിക്കണമെന്നില്ല. അതിനാല്‍ തന്നെ ടീമില്‍ നിലനില്‍ക്കുന്നതിനും ലോകകപ്പ് കളിക്കുന്നതിനും വിന്‍ഡീസ് പര്യടനത്തിലെ സഞ്ജുവിന്റെ പ്രകടനം ഏറെ നിര്‍ണായകമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യൻ ഗെയിംസിനുള്ള ടീം പ്രഖ്യാപനം ഉടൻ, ടീമിൽ ഉൾപ്പെട്ടാൻ സഞ്ജുവിന് ലോകകപ്പ് നഷ്ടമാകും