ധോണിക്ക് കഷ്‌ടകാലം, കോഹ്‌ലിയുടെ ശാപം ജനിച്ച വര്‍ഷം; ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യത പ്രവചിച്ച് ജ്യോതിഷ വിദഗ്ധന്‍

വ്യാഴം, 25 ഏപ്രില്‍ 2019 (17:51 IST)
ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പ് ടീം ഇന്ത്യക്ക് നിരാശ സമ്മാനിക്കുമെന്ന് ജ്യോതിഷ വിദഗ്ധന്‍. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും സമയം മോശമാണെന്നും ഇതിനാല്‍ കപ്പ് നേടാന്‍ സാധ്യത ഇല്ലെന്നും ഗ്രീന്‍‌സ്‌റ്റോണ്‍ ലോബോ എന്ന ജ്യോതിഷ വിദഗ്ധന്‍ വ്യക്തമാക്കി.

കോഹ്‌ലിയും ധോണിയുമടക്കമുള്ള താരങ്ങളുടെ ജനിച്ച വര്‍ഷം കണക്ക് കൂട്ടിയാണ് ലോകകപ്പ് സാധ്യത എത്രത്തോളം ഉണ്ടെന്ന് ഗ്രീന്‍‌സ്‌റ്റോണ്‍ പ്രവചിച്ചത്.

കോഹ്‌ലി ജനിച്ചത് 1988ല്‍ ആണ്. 1986ലോ 87ലോ ആയിരുന്നു താരത്തിന്റെ ജനനമെങ്കില്‍ ലോകകപ്പ് നേടാനുള്ള സാധ്യത ഇന്ത്യക്കുണ്ടായിരുന്നു.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടേത് ഭാഗ്യ ജാതകമാണെങ്കിലും അദ്ദേഹത്തിന് ഇപ്പോള്‍ കഷ്‌ടകാലമാണ്. അതിനാല്‍ ധോണി ലോകകപ്പ് ടീമില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യക്ക് സാധ്യത കൂടുതലാകുമായിരുന്നു എന്നും ഗ്രീന്‍‌സ്‌റ്റോണ്‍ പറഞ്ഞു.

ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമായിരിക്കാനുള്ള ഭാഗ്യം പരിശീലകന്‍ രവി ശാസ്‌ത്രിക്ക് ഇല്ല. പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും പാകിസ്ഥാന്‍ ഇന്ത്യക്ക് മുമ്പില്‍ അടിയറവ് പറയും. കലാശപ്പോര് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകില്ലെന്നും ലോബോ പ്രവചിക്കുന്നുണ്ട്.

2011ലെയും 2015ലെയും ലോകകപ്പ് ആര് നേടുമെന്ന് കൃത്യമായി പ്രവചിച്ച ആളാണ് ലോബോ. ഇതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന പ്രധാന കാരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിജയ് ശങ്കറിനെ കൂടാതെ മറ്റൊരു താരം കൂടിയുണ്ട് ടീമില്‍; നാലാം നമ്പര്‍ വിവാദത്തില്‍ തുറന്നടിച്ച് ധവാന്‍