Happy Birthday Sourav Ganguly: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ'യ്ക്കു ഇന്നു 53-ാം പിറന്നാള്‍
Sourav Ganguly Birthday: ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്സ്മാനാണ് സൗരവ് ഗാംഗുലി
Happy Birthday Sourav Ganguly: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇന്ന് ജന്മദിന മധുരം. ആരാധകരുടെ പ്രിയപ്പെട്ട ദാദ ഇന്ന് 53-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. ബിസിസിഐ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്.
ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്സ്മാനാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റ് മത്സരങ്ങളും ഗാംഗുലി കളിച്ചു. ഏകദിനത്തില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയോടെ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 38 സെഞ്ചുറികളും ഗാംഗുലിയുടെ പേരിലുണ്ട്.
ഗാംഗുലി ക്യാപ്റ്റനായിരിക്കെ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളാണ് ഇന്ത്യ കളിച്ചത്. രണ്ടാം ചാംപ്യന്‍സ് ട്രോഫിയും ഒരു ഏകദിന ലോകകപ്പും. മൂന്നിലും ഇന്ത്യ ഫൈനലില്‍ എത്തി. 2002 ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിനാല്‍ ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കിട്ടു.