ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കപെടുന്ന മലയാളീതാരമാണ് സഞ്ചു സാംസൺ. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനവും കൂടിയായപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുവാനുള്ള അവസരമെന്ന അർഹമായ അംഗീകാരവും സഞ്ചുവിനെ തേടിയെത്തി. എന്നാൽ പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്ത് നിരന്തരം പരാജയപ്പെട്ടിട്ടും സഞ്ചുവിന് ഒരവസരം കൂടി നൽകാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.
അത് മാത്രമല്ല അടുത്തതായി വെസ്റ്റിഇൻഡീസിനെതിരായ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നൊഴിവാക്കുകയും ചെയ്തു. ബി സി സി ഐയുടെ ഈ തീരുമാനത്തിനെതിരെ നിരവധി പേരാണ് പിന്നീട് പ്രതിഷേധങ്ങളുമായി രംഗത്ത് വന്നത്. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ആണ് ഒടുവിൽ ബി സി സി ഐ തീരുമാനത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. സഞ്ചുവിന്റെ വിഷയത്തിൽ ബി സി സി ഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഇടപെടണമെന്നാണ് ഹർഭജന്റെ ആവശ്യം.
ട്വിറ്ററിൽ എം പി ശശി തരൂർ പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വിഷയത്തിൽ ഹർഭജൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു തവണ പോലും അവസരം ലഭിക്കാതെ സഞ്ചു തഴയപ്പെട്ടതിൽ നിരാശ തോന്നുന്നുവെന്നും മൂന്ന് മത്സരങ്ങളിലും സഞ്ചുവിനെ കൊണ്ട് ടീമിലെ സഹതാരങ്ങൾക്കായി വെള്ളം ചുമപ്പിച്ചപ്പോൾ ബി സി സി ഐ പരീക്ഷിക്കുന്നത് സഞ്ചുവിന്റെ ബാറ്റിങ് മികവാണോ അതോ ഹ്രുദയത്തിന്റെ കരുത്താണോ എന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഹർഭജൻ വിഷയത്തിൽ ഗാംഗുലിയുടെ ശ്രദ്ധ കൂടി ക്ഷണിച്ചിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റിയിൽ നിലവിലുള്ളവരെ മാറ്റി കരുത്തരായ പുതിയ പാനലിനെ ഉൾപ്പെടുത്തണമെന്നാണ് ഹർഭജന്റെ ആവശ്യം.