Hardik Pandya: 'ആവേശം കുറച്ച് കൂടിപ്പോയി'; നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്‍ഔട്ട് ആയി ഹാര്‍ദിക് (വീഡിയോ)
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കവെ റണ്‍ഔട്ട് ആയാണ് ഹാര്‍ദിക് പുറത്തായത്
Hardik Pandya: ഏഷ്യ കപ്പില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചത് വെറും അഞ്ച് മിനിറ്റ് മാത്രം. ഒമാനെതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഒരു പന്തില്‍ ഒരു റണ്‍സെടുത്താണ് പുറത്തായത്.
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കവെ റണ്‍ഔട്ട് ആയാണ് ഹാര്‍ദിക് പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. ഈ സമയത്ത് സഞ്ജു സാംസണ്‍ ആയിരുന്നു ക്രീസില്‍. സഞ്ജുവിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് ബൗളര്‍ ജിതന്‍ രാമാനന്ദിയുടെ കൈയില്‍ തട്ടുകയും പന്ത് നേരെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപ്‌സില്‍ തട്ടുകയുമായിരുന്നു.
പന്ത് സ്റ്റംപ്‌സില്‍ തട്ടിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ഹാര്‍ദിക് പാണ്ഡ്യ ക്രീസിനു പുറത്തായിരുന്നു. ബൗളറുടെ റണ്ണപ്പ് പൂര്‍ത്തിയാകുന്ന സമയത്ത് തന്നെ ഹാര്‍ദിക് ക്രീസില്‍ നിന്ന് ഇറങ്ങിയിരുന്നു. പന്ത് ബൗളറുടെ കൈയില്‍ തട്ടി സ്റ്റംപ്‌സിലേക്ക് എത്തിയപ്പോഴും ക്രീസില്‍ തിരിച്ചുകയറാന്‍ ഹാര്‍ദിക്കിനു സാധിച്ചില്ല. ഔട്ടാണെന്ന് മനസിലായ ഹാര്‍ദിക് ഉടന്‍ ക്രീസ് വിടുകയും ചെയ്തു.