India vs Oman, Asia Cup 2025: ഒമാന്‍ പേടിപ്പിച്ചു, ഒടുവില്‍ 21 റണ്‍സ് ജയം; ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ ഫോറില്‍
ഇന്ത്യയെ ചെറുതായിട്ടൊന്നു പേടിപ്പിച്ചാണ് ഒമാന്‍ കീഴടങ്ങിയത്
India vs Oman: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെ 21 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് എത്തിയത്. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒമാനു നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.
ഇന്ത്യയെ ചെറുതായിട്ടൊന്നു പേടിപ്പിച്ചാണ് ഒമാന്‍ കീഴടങ്ങിയത്. ഓപ്പണര്‍മാരായ ജതിന്ദര്‍ സിങ് (33 പന്തില്‍ 32), ആമിര്‍ കലീം (46 പന്തില്‍ 64) എന്നിവര്‍ ഒമാനു മികച്ച തുടക്കം നല്‍കി. വണ്‍ഡൗണ്‍ ആയി ഇറങ്ങിയ ഹമ്മദ് മിര്‍സ 33 പന്തില്‍ 51 റണ്‍സെടുത്തു. 17.4 ഓവറില്‍ 149-2 എന്ന നിലയില്‍ ജയത്തിനു അടുത്തെത്തിയതാണ് ഒമാന്‍. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യ കളി പിടിച്ചു. ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു ഓരോ വിക്കറ്റ്.
ഇന്ത്യയുടെ ബാറ്റിങ് തുടക്കം അത്ര നല്ലതായിരുന്നില്ല. ശുഭ്മാന്‍ ഗില്‍ (എട്ട് പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (ഒരു പന്തില്‍ ഒന്ന്) എന്നിവര്‍ വേഗം കൂടാരം കയറി. അഭിഷേക് ശര്‍മ 15 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസണ്‍ 45 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 56 റണ്‍സെടുത്ത് ടോപ് സ്‌കോററായി. അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 26), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ സ്‌കോര്‍ 180 കടത്തിയത്.