സഹീറുണ്ടായിരുന്നെങ്കില്‍ എറിഞ്ഞ് പാണ്ഡ്യയുടെ വിരലൊടിച്ചേനേ!

നിയ ഫിലിപ്പ്

ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (20:49 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൌളറായ സഹീര്‍ഖാന്‍റെ ജന്‍‌മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആയിരക്കണക്കിന് ആശംസകളാണ് സഹീര്‍ഖാന് ലഭിച്ചത്. അക്കൂട്ടത്തില്‍ ഇപ്പോഴത്തെ ഓള്‍‌റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആശംസ വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. 
 
സഹീര്‍ഖാന്‍റെ ജന്‍‌മദിനത്തിന് ആശംസ നേര്‍ന്നുകൊണ്ട് ഒരു വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയായിരുന്നു. സഹീര്‍ ഖാന്‍റെ പന്തില്‍ താന്‍ സിക്സടിക്കുന്ന ഒരു വീഡിയോയാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്. ഞാന്‍ ഈ ചെയ്യുന്നതുപോലെ താങ്കളും താങ്കളുടെ ആഘോഷം കിടിലനാക്കിയെന്ന് കരുതുന്നു എന്ന് വീഡിയോയ്ക്ക് താഴെ ഒരു കുറിപ്പും ചേര്‍ത്തു.
 
എന്തായാലും ഹാര്‍ദ്ദിക് പാണ്ഡ്യ ഈ ചെയ്തത് അത്ര ശരിയായില്ലെന്ന കടുത്ത വിമര്‍ശമനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്നത്. ജന്‍‌മദിനാശംസ നേരാനെന്ന പേരില്‍ സഹീര്‍ഖാനെ അപമാനിക്കുകയാണ് പാണ്ഡ്യ ചെയ്തതെന്നാണ് പ്രധാന ആരോപണം. സഹീറിന് ആശംസ നേരുന്നതിന് പകരം തന്‍റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുകയാണ് പാണ്ഡ്യ ചെയ്തതെന്നും വിമര്‍ശനമുയരുന്നു.
 
ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ സഹീര്‍ ഖാനെ സിക്സറടിക്കുന്ന പാണ്ഡ്യയുടെ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 53 സിക്സറുകള്‍ പായിച്ച താരമാണ് സഹീര്‍ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെറ്റ്‌ലീയെയും ശുഹൈബ് അക്തറിനെയുമൊക്കെ സിക്സര്‍ പറത്തിയ സഹീറിനോട് പാണ്ഡ്യ പൊങ്ങച്ചം കാണിക്കരുതായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സഹീറിന്‍റെ പ്രതാപകാലത്തെങ്ങാനും ഹാര്‍ദ്ദിക് പാണ്ഡ്യ മുന്നില്‍ വന്നു പെട്ടിരുന്നെങ്കില്‍ യോര്‍ക്കര്‍ കൊണ്ട് വിരലൊടിയുമായിരുന്നു എന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രോഹിത് മറ്റൊരു സെവാഗോ? കളി അറിയാവുന്ന കളിക്കാരൻ !