ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷിന്റെ പുതിയ സീസണില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന് ഇടമില്ല. കഴിഞ്ഞ 5 സീസണുകളിലും ബിഗ് ബാഷില്‍ സാന്നിധ്യമറിയിച്ച താരത്തെ ഇത്തവണ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ എത്തിയില്ല എന്നത് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കേട്ടത്. മെല്‍ബണ്‍ സ്‌ട്രൈക്കേഴ്‌സിനും മെല്‍ബണ്‍ റെനഗേഡ്‌സിനും വേണ്ടി കളിച്ചിട്ടുള്ള ഹര്‍മന്‍ പ്രീത് ബിഗ് ബാഷില്‍ 62 മത്സരങ്ങളില്‍ നിന്നും 1440 റണ്‍സ് നേടിയിട്ടുണ്ട്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍മന്‍ വഹിച്ചത്.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ സ്മൃതി സ്മന്ദാനയെ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് നേരത്തെ തന്നെ ടീമിലെത്തിച്ചിരുന്നു. ജെമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവര്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിലും യാസ്മിക ഭാട്യ,ദീപ്തി ശര്‍മ എന്നിവര്‍ മെല്‍ബണ്‍ സ്റ്റാര്‍സിലും കളിക്കും. അതേസമയം സ്‌നേഹ് റാണ, രാധാ യാധവ്,വേദ കൃഷ്ണമൂര്‍ത്തി.ശ്രേയങ്കാ പാട്ടീല്‍,ആശ ശോഭന തുടങ്ങിയ താരങ്ങള്‍ക്ക് ബിഗ് ബാഷില്‍ അവസരം ലഭിച്ചിട്ടില്ല.
നിലവില്‍ 35 വയസുകാരിയായ ഹര്‍മന്‍ പ്രീതിന് പ്രായം തടസമായോ എന്നത് വ്യക്തമല്ല. ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍മന്‍ പ്രീതിനേറ്റ തിരിച്ചടി ഇന്ത്യയ്ക്കും ദോഷകരമാണ്. ഒക്ടോബര്‍ മാസത്തിലാണ് വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.