ഇത് അവളുടെ ദിവസമാണെന്ന് എനിക്കറിയാമായിരുന്നു, ഫൈനലിൽ ഷെഫാലിക്ക് പന്തേൽപ്പിച്ചതിനെക്കുറിച്ച് ഹർമൻ പ്രീത്
ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ടീമില്‍ പോലും ഉണ്ടാകാതിരുന്ന ഷെഫാലിക്ക് ഓപ്പണര്‍ പ്രതിക റാവലിന് പരിക്കേറ്റതോടെയാണ് നോക്കൗട്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചത്.
വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ആദ്യ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ഷെഫാലി വര്‍മ എന്ന 21കാരിയുടെ പ്രകടനം അതില്‍ നിര്‍ണായകമായിരുന്നു. ഒരു സമയത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിലും തുടര്‍ച്ചയായുള്ള മോശം പ്രകടനങ്ങള്‍ ഷെഫാലിയെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ കാരണമായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ടീമില്‍ പോലും ഉണ്ടാകാതിരുന്ന ഷെഫാലിക്ക് ഓപ്പണര്‍ പ്രതിക റാവലിന് പരിക്കേറ്റതോടെയാണ് നോക്കൗട്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചത്.
ഓസ്‌ട്രേലിയക്കെതിരെ പരാജയമായെങ്കിലും ഫൈനല്‍ മത്സരത്തില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ഷെഫാലിക്കായി. നിര്‍ണായക ഘട്ടത്തില്‍ സുനെ ലുസ്, മാരിസന്‍ കാപ്പ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ഷെഫാലിയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. മത്സരത്തില്‍ ഷെഫാലിയെ എന്തുകൊണ്ട് പന്തേല്‍പ്പിച്ചു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍.
ലോറയും സുനെയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതായി തോന്നു. ഷെഫാലി ബാറ്റ് ചെയ്ത രീതിവെച്ച് ഇന്ന് അവളുടെ ദിവസമാകാം എന്ന തോന്നലുണ്ടായി. അങ്ങനെയാണ് ഒരോവര്‍ അവള്‍ക്ക് കൊടുക്കാം എന്ന തീരുമാനമുണ്ടാകുന്നത്. അവളോട് തയ്യാറാണീ എന്ന് ചോദിച്ചു. വേണമെങ്കില്‍ 10 ഓവറും എറിയാമെന്ന മറുപടിയാണ് വന്നത്. അത്രയും ആത്മവിശ്വാസമുള്ള താരമാണ് ഷെഫാലി. ആ ഓവര്‍ മത്സരം മാറ്റിമറിച്ചു. മത്സരശേഷം സംസാരിക്കവെ ഹര്‍മന്‍പ്രീത് പറഞ്ഞു.