Sanju Samson: സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയത് മധ്യനിര സന്തുലിതമാക്കാന്‍, ജിതേഷ് തുടരും; ന്യായീകരിച്ച് ടീം മാനേജ്‌മെന്റ്
മൂന്നാം ട്വന്റി 20 യില്‍ അഞ്ച് വിക്കറ്റിനു ഇന്ത്യ ജയം സ്വന്തമാക്കി
Sanju Samson: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ബെഞ്ചില്‍ ഇരിക്കേണ്ടിവന്നത് ടീം സന്തുലിതമാക്കാനെന്ന് ന്യായീകരണം. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കുമ്പോള്‍ ടീമിന്റെ സന്തുലിതാവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.
മൂന്നാം ട്വന്റി 20 യില്‍ അഞ്ച് വിക്കറ്റിനു ഇന്ത്യ ജയം സ്വന്തമാക്കി. സഞ്ജുവിനു പകരം ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
രണ്ടാം ട്വന്റി 20യില്‍ ശുഭ്മാന്‍ ഗില്‍ (അഞ്ച്), സഞ്ജു സാംസണ്‍ (രണ്ട്), സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വര്‍മ (പൂജ്യം) എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം ടി20 മത്സരത്തിലേക്ക് എത്തിയപ്പോള്‍ പുറത്തിരിക്കേണ്ടി വന്നത് സഞ്ജുവിനു മാത്രം. ഇതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയത് ടീം സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം മാനേജ്‌മെന്റ് ന്യായീകരിക്കുന്നു.
അഭിഷേക് ശര്‍മയ്ക്കൊപ്പം ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുന്നതിനാല്‍ സഞ്ജുവിനു ഓപ്പണിങ്ങില്‍ സ്‌കോപ്പില്ല. വണ്‍ഡൗണ്‍ ആയി നായകന്‍ സൂര്യകുമാര്‍ യാദവ് ഉറപ്പുമാണ്. തിലക് വര്‍മയെ നാലാമതെങ്കിലും ഇറക്കിയില്ലെങ്കില്‍ പ്രയോജനമില്ല. അതിനാല്‍ സഞ്ജുവിനെ അഞ്ചാമതോ ആറാമതോ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഈ പൊസിഷനില്‍ സഞ്ജുവിനു തിളങ്ങാന്‍ സാധിക്കുന്നുമില്ല. ഓപ്പണറായി 17 ഇന്നിങ്സുകളില്‍ നിന്ന് 178.8 സ്ട്രൈക് റേറ്റില്‍ 522 റണ്‍സുള്ള സഞ്ജു നോണ്‍ ഓപ്പണറായി ഇറങ്ങിയപ്പോഴെല്ലാം വന്‍ പരാജയമായിരുന്നു. നോണ്‍ ഓപ്പണറായി 26 ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 111.2 സ്ട്രൈക് റേറ്റില്‍ 483 റണ്‍സ് മാത്രം. ഈ കണക്കുകള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകാന്‍ കാരണമായി.
സഞ്ജു ഉള്ളതുകൊണ്ട് മധ്യനിര സന്തുലിതമല്ലെന്ന വിലയിരുത്തല്‍ ടീം മാനേജ്മെന്റിനു ഉണ്ട്. ജിതേഷ് ശര്‍മയെ പോലൊരു ഫിനിഷറെ ബെഞ്ചില്‍ ഇരുത്തി സഞ്ജുവിനെ വച്ചുള്ള പരീക്ഷണം തുടരുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യക്കുറവുണ്ട്. പവര്‍ ഹിറ്റര്‍ ആയതിനാല്‍ മധ്യനിര സന്തുലിതമാകണമെങ്കില്‍ ജിതേഷ് വേണമെന്ന നിലപാടിലേക്ക് ഇന്ത്യന്‍ ടീം എത്തുകയായിരുന്നു. നാലാം ട്വന്റി 20 യിലും ജിതേഷ് ശര്‍മ തുടരാനാണ് സാധ്യത.