ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ ഹിറ്റ്‌മാൻ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഓപ്പണർ എന്ന നിലയിൽ അതിവേഗം 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ നിന്നും 42 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.
ഇതോടെ ഏകദിന മത്സരങ്ങളിൽ ഓപ്പണർ എന്ന നിലയിൽ 7000 റൺസെന്ന നേട്ടം രോഹിത് സ്വന്തമാക്കി. ഓപ്പണർ സ്ഥാനത്ത് 137മത് ഇന്നിങ്സിലാണ് രോഹിത് 7000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ ഇന്ത്യൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെയും ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹാഷിം അംലയേയും രോഹിത് മറികടന്നു. ഹാഷിം അംല 147 ഇന്നിങ്സുകളിൽ നിന്നും 7000 റൺസ് കണ്ടെത്തിയപ്പോൾ 160 ഇന്നിങ്സുകളിൽ നിന്നാണ് സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തിൽ 9000 റൺസ് എന്ന നേട്ടം രോഹിത്തിന് പിന്നിടാൻ ഇനി നാല് റൺസ് മാത്രമാണ് ആവശ്യമുള്ളത്. മധ്യനിര ബാറ്റിങ് താരമായി തന്റെ കരിയർ ആരംഭിച്ച രോഹിത് 2013ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് ഓപ്പണിങ് പൊസിഷനിലേക്ക് മാറുന്നത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയാണ് അത്തരമൊരു പരീക്ഷണം നടത്തിയത്.