2 തവണ കൈയകലെ നഷ്ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇത്തവണ ഏത് വിധേനയും സ്വന്തമാക്കണമെന്ന വാശിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരെ ഓസീസില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുക എന്നത് അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പ്രധാനമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. പോയന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാമതാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിച്ചേക്കാം.
നിലവില്‍ 68.06 വിജയശതമാനമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 62.50 വിജയശതമാനമാണുള്ളത്. മൂന്നാമത് നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് 55.56 ആണ് വിജയശതമാനം. ഓസ്‌ട്രേലിയക്കെതിരെ 5 മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ന്യൂസിലന്‍ഡിനെതിരായ പരമ്പര അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പ്രധാനമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റിലേറ്റ പരാജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇനിയുള്ള 7 ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും. ഇതില്‍ 2 മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ വിജയിച്ചാലും ഓസീസില്‍ ഇന്ത്യയ്ക്ക് 3 മത്സരങ്ങള്‍ കൂടി വിജയിക്കേണ്ടതായി വരും.
ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ വിജയിച്ചതോടെ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയും മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്. ഇതില്‍ വിജയിക്കാനായാല്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂസിലന്‍ഡും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.അതിനാല്‍ തന്നെ ന്യൂസിലന്‍ഡിനെതിരെ ശേഷിക്കുന്ന 2 ടെസ്റ്റുകളും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും.