ബിസിസിഐ തങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്നും പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. ബിസിസിഐ നിര്‍ദേശം അവഗണിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മാറിനിന്നതോടെയാണ് ഇരുവരെയും കരാറില്‍ നിന്നും ബിസിസിഐ പുറത്താക്കിയത്. കരാര്‍ പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് എ ഗ്രേഡ് കരാറാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. എപ്പോഴും പരിക്കിന്റെ പിടിയിലായ താരത്തിന് എന്തിന് എ ഗ്രേഡ് കരാറെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴെല്ലാം പരിക്കുകള്‍ അലട്ടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിച്ച് കൊല്ലങ്ങള്‍ കഴിഞ്ഞ ഒരു താരത്തിന് എന്തിനാണ് ഇത്രയും ഉയര്‍ന്ന കരാറെന്നാണ് ആരാധകരുടെ ചോദ്യം. കൂടാതെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കലും സമയം കണ്ടെത്താറില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്രയും പരിക്കുകള്‍ അലട്ടുമ്പോഴും ഐപിഎല്‍ കളിക്കുന്നതില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തടസ്സമുണ്ടാകാറില്ലെന്നും ആരാധകര്‍ പറയുന്നു.
രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്നും മാറിനിന്നിരുന്ന കാലയളവില്‍ ഹാര്‍ദ്ദിക്കായിരുന്നു ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയാകും ഇന്ത്യയെ നയിക്കുക. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹാര്‍ദ്ദിക് നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. തുടര്‍ന്ന് നടന്ന മത്സരങ്ങളിലൊന്നും പരിക്ക് കാരണം ഹാര്‍ദ്ദിക്കിന് കളിക്കാനായിരുന്നില്ല.