ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലെ സ്ഥിരം താരങ്ങളായിരുന്ന ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നും പുറത്താക്കിയ തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സീനിയര്‍ താരമായ ചേതേശ്വര്‍ പുജാര ഉള്‍പ്പടെ പലര്‍ക്കും കരാര്‍ നഷ്ടമായെങ്കിലും സര്‍ഫറാസ് ഖാനും ധ്രുവ് ജുറലിനും കരാര്‍ കിട്ടാതിരുന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാതിരുന്ന രജത് പാട്ടീദാറിന് കരാര്‍ ലഭിച്ചപ്പോള്‍ സര്‍ഫറാസിനും ജുറലിനും എന്തുകൊണ്ട് കരാറില്ലെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ലഭിക്കുന്നതിനായുള്ള നിബന്ധനയില്‍ ദേശീയ ടീമിനായി കുറഞ്ഞത് 3 ടെസ്‌റ്റോ 8 ഏകദിനമോ 10 ടി20 മത്സരങ്ങളോ കളിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിബന്ധന പാലിക്കുന്ന പക്ഷം കളിക്കാര്‍ക്ക് സി ഗ്രേഡ് കരാര്‍ ലഭിക്കും. ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും 2 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ഇരുവരും ഉള്‍പ്പെടുകയാണെങ്കില്‍ ഇരുവര്‍ക്കും സ്വാഭാവികമായി കരാര്‍ ലഭിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
രണ്ടാം ടെസ്റ്റ് മുതല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് മോശം പ്രകടനമായിരുന്നിട്ടും രജത് പാട്ടീദാറിന് വാര്‍ഷിക കരാര്‍ ലഭിച്ചത്. സി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.സഞ്ജു സാംസണ്‍ ഉള്‍പ്പടെ 15 താരങ്ങള്‍ക്കാണ് നിലവില്‍ സി ഗ്രേഡ് കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.