ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് താരമെന്ന നിലയിലേക്ക് പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. കുറച്ചുനാളായി പുറം ഭാഗത്തിനേറ്റ പരിക്കിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന താരം ശ്രീലങ്കക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇപ്പോൾ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുന്ന ബുമ്ര മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖമാണ് ചർച്ചയായിരിക്കുന്നത്.
വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയെ കുറിച്ചുള്ള ചോദ്യത്തിന് ബുമ്ര കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസീസിന്റെ സ്റ്റീവ് സ്മിത്. സ്മിത്തിനെ പോലെയൊരു താരത്തെ എങ്ങനെ പുറത്താക്കാം എന്ന ചോദ്യത്തിന് എന്റെ ആദ്യ ഏകദിനവിക്കറ്റ് തന്നെ സ്മിത്തിന്റെയാണെന്നാണ് ബുമ്ര മറുപടി നൽകിയത്. ഒരു താരത്തെ എങ്ങനെ പുറത്താക്കാം എന്നതിൽ കുറുക്കു വഴികളില്ലെന്നും അയാളുടെ ബാറ്റിങ് എങ്ങനെയെന്ന് മനസ്സിലാക്കുകയാണ് പ്രധാനമെന്നും ബുമ്ര പറയുന്നു.
ടെസ്റ്റിൽ മികച്ചൊരു ബാറ്റ്സ്മാനെ നേരിടുമ്പോൾ ആവശ്യമായിട്ടുള്ളത് ക്ഷമയാണ്. ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റ്സ്മാൻ വരുത്തുന്ന ഒരു പിഴവിനായി കാത്തിരിക്കേണ്ടി വരുമെന്നും ബുമ്ര പറഞ്ഞു. നിലവിലെ ഏറ്റവും മികച്ച ബൗളർമാരാണ് ഇന്ത്യക്കുള്ളതെന്നും ഫിറ്റ്നസ് സങ്കേതിക വിദ്യ വളർന്നത് ഫാസ്റ്റ് ബൗളർമാർക്ക് ഗുണംച്ചെയ്തെന്നും ബുമ്ര അഭിപ്രായപ്പെട്ടു.