മധ്യനിരയിൽ തുടരെ വിക്കറ്റുകൾ വീഴുകയാണെങ്കിലും നിങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന ഉറപ്പാണ് പുതിയ ഐപിഎൽ സീസണിൽ ആർസിബിയുടെ ദിനേശ് കാർത്തിക് നൽകുന്നത്. ക്രീസിന്റെ ഒരറ്റം കാക്കാൻ താനുള്ളപ്പോൾ ഭയപ്പെടേണ്ടതില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് റോയൽ ഫിനിഷറിലേക്കുള്ള കുതിപ്പിലാണ് കാർത്തിക്.
രാജസ്ഥാൻ റോയൽസിനെതിരെ നടത്തിയ ഫിനിഷിങ് പ്രകടനത്തിന് പിന്നാലെ തന്റെ നയം വ്യക്തമാക്കുകയാണ് കാർത്തിക്. ഈ വർഷം മികച്ച പ്രകടനം നടത്താൻ ഞാൻ ബോധപൂർവം ശ്രമം നടത്തുന്നുണ്ട്. എന്നോട് തന്നെ നീതി പുലർത്താൻ വേണ്ടിയാണീത്. കഴിഞ്ഞ വർഷം എന്റെ പ്രകടനം എങ്ങനെയായിരുന്നോ അതിലും നന്നായി കളിക്കാമായിരുന്നുവെന്ന് എനിക്ക് തോന്നി. ഈ വർഷം അതിനായി ഞാൻ പരിശീലനം നടത്തി. ഞാൻ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താനാണ് എന്റെ ശ്രമം. ദിനേശ് കാർത്തിക് പറഞ്ഞു.
ഞാൻ ക്രീസിലെത്തുമ്പോൾ റൺറേറ്റ് 12ന് അടുത്തായിരുന്നു. ഈ സാഹചര്യത്തിൽ കളിക്കുന്നതിനായാണ് ഞാൻ പരിശീലിച്ചത്. ശാന്തമായി നിന്ന് ആർക്കെതിരെ കൂടുതൽ സ്കോർ ചെയ്യണമെന്ന് എനിക്ക് അറിയാമായിരുന്നു കാർത്തിക് പറഞ്ഞു. മത്സരത്തിൽ 23 പന്തിൽ 7 ഫോറും ഒരു സിക്‌സും അടക്കം 44 റൺസാണ് കാർത്തിക് നേടിയത്.