ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഹതാരമായ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെയും പ്രശംസിച്ച് ഇന്ത്യന്‍ ഓപ്പണിംഗ് താരമായ അഭിഷേക് ശര്‍മ. സഞ്ജു ബാറ്റ് ചെയ്യുന്നത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും കാണാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് വഴിവെട്ടിയ അഭിഷേക് ശര്‍മ പറയുന്നത്. മത്സരശേഷം സംസാരിക്കവെയാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.
മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി 26 പന്തില്‍ നിന്നും 41 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സഞ്ജുവും അഭിഷേകും ചേര്‍ന്ന് സൃഷ്ടിച്ചത്. മത്സരത്തില്‍ 34 പന്തില്‍ അഞ്ച് ഫോറും 8 സിക്‌സറും സഹിതം 79 റണ്‍സാണ് താരം നേടിയത്. സഞ്ജു 20 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സാണ് നേടിയത്. ഇതില്‍ 22 റണ്‍സും ഗസ് അറ്റ്കിന്‍സന്റെ ഒരോവറില്‍ നേടിയതായിരുന്നു.