കുൽദീപ് യാദവ് ഇന്ത്യയുടെ നമ്പർ വൺ സ്പിൻ ഓപ്‌ഷൻ എന്ന രവി ശാസ്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചതായി ആർ അശ്വിൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ അശ്വിനെ വേദനിപ്പിച്ചെങ്കിൽ താൻ സന്തുഷ്ടനാണ് എന്നാണ് രവി ശാസ്‌ത്രി ഇപ്പോൾ പറയുന്നത്.
കുൽദീപിനെ കുറിച്ചുള്ള എന്റെ വാക്കുകൾ അശ്വിനെ വേദനിപ്പിച്ചെങ്കിൽ അങ്ങനെയൊരു പ്രസ്‌താവന നടത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. ആ വാക്കുകളാണ് അശ്വിനെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിച്ചത്. രവി ശാസ്‌ത്രി പറഞ്ഞു. 2019 സിഡ്‌നി ടെസ്റ്റിലാണ് അശ്വിന് പകരം കുൽദീപിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ താരം 5 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌തിരുന്നു.
സിഡ്‌നിയിൽ അശ്വിൻ കളിച്ചില്ല, കുൽദീപ് നന്നായി പന്തെറിയുകയും ചെയ്‌തു. അപ്പോൾ കുൽദീപിന് അവസരം നൽകിയതിൽ തെറ്റില്ല. എല്ലാവരെയും പ്രീതിപ്പെടുത്തുക എന്നതല്ല എന്റെ ജോലി. പരിശീലകൻ നിങ്ങളെ വെല്ലുവിളിച്ചാൽ എന്തുചെയ്യും.? വീട്ടിൽ പോയി കരഞ്ഞ് തിരിച്ചുവരാതിരിക്കുമോ? കളിക്കാരൻ എന്ന നിലയിൽ ആണെങ്കിൽ ഞാൻ അതൊരു വെല്ലുവിളി ആയി ഏറ്റെടുക്കും. കോച്ച് തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കും. ആരെയും പ്രീതിപ്പെടുത്തുക എന്നതല്ല അജണ്ടകൾ ഇല്ലാതെ വസ്‌തുതകൾ പറയുകയെന്നതാണ് എന്റെ ജോലി. രവി ശാസ്‌ത്രി പറഞ്ഞു.