ഇക്കഴിഞ്ഞ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ഓപ്പണിംഗ് താരമായ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. 200 സ്‌ട്രൈക്ക്‌റേറ്റില്‍ മൂന്നൂറിലധികം റണ്‍സ് സ്വന്തമാക്കിയ അഭിഷേക് തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരമായി മാറിയത്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങ് മെച്ചപ്പെടുത്തിയതില്‍ മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങ്ങിന്റെ സ്വാധീനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
ഈ നേട്ടങ്ങള്‍ സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് യുവരാജ് സിങ്ങിന്റെ ക്യാമ്പുണ്ടായിരുന്നു. ഞാന്‍, ശുഭ്മാന്‍, പ്രഭ് സിമ്രാന്‍, അന്മോള്‍ പ്രീത് എന്നിങ്ങനെ കുറച്ചുപേരുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് കരിയറില്‍ അല്പം സ്ട്രഗിള്‍ ചെയ്യുന്ന സമയമാണ്. ഐപിഎല്‍ സ്ഥിരമായി പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. ശുഭ്മാന്‍ അപ്പോഴെ ഇന്ത്യന്‍ താരമാണ്. ഞാന്‍ പിന്നിലാണ് എന്ന തോന്നലുണ്ടായിരുന്നു. എന്റെ വയസിലുള്ളവര്‍ എന്നെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.
ഒരിക്കല്‍ ലഞ്ച് കഴിക്കുന്നതിനിടെ യുവി പാജി പറഞ്ഞു. നിന്നെ സ്റ്റേറ്റ് കളിക്കാനോ ഐപിഎല്‍ കളിക്കാനോ അല്ല ഞാന്‍ റെഡിയാക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ നിനക്കാവണം. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും. ആ ഒരൊറ്റ സംഭാഷണമാണ് എന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സഹായിച്ചത്. യുവി പാജി എന്റെ ഓരോ മത്സരം കണ്ട് അതിന്റെ നോട്ടുകള്‍ ഉണ്ടാക്കുമായിരുന്നു. എന്റെ പവര്‍ ഹിറ്റിംഗും ടെക്‌നിക്കും മെച്ചപ്പെടുത്താന്‍ അതുകൊണ്ട് സാധിച്ചിട്ടുണ്ട്. ദിവസവും 5 മണിക്കൂര്‍ നേരം കഠിനമായി പ്രാക്ടീസ് ചെയ്യുമായിരുന്നു. അഭിഷേക് പറഞ്ഞു.