Abhishek Sharma: പിന്നീട് ഖേദിക്കും, 70കളെ സെഞ്ചുറികളാക്കി മാറ്റാൻ ശ്രദ്ധിക്കണം, ഇന്ത്യൻ ഓപ്പണറെ ഉപദേശിച്ച് സെവാഗ്
പേരുകേട്ട പാക് ബൗളര്‍മാരായ ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവരെയെല്ലാം അഭിഷേക് അനായാസമായാണ് നേരിട്ടത്.
പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 39 പന്തില്‍ 5 സിക്‌സറുകളും 6 ഫോറും സഹിതം 74 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണിങ് താരമായ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. മത്സരത്തിലെ ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായത് അഭിഷേകിന്റെ ഈ പ്രകടനമായിരുന്നു.
മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് അഭിഷേക് ഇന്നിങ്ങ്‌സിന് തുടക്കമിട്ടത്. പേരുകേട്ട പാക് ബൗളര്‍മാരായ ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവരെയെല്ലാം അഭിഷേക് അനായാസമായാണ് നേരിട്ടത്. ഇപ്പോഴിതാ മത്സരശേഷം ഇന്ത്യന്‍ ഓപ്പണര്‍ക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വിരേന്ദര്‍ സെവാഗ്.
50 കളെയും 70 കളെയും സെഞ്ചുറികളാക്കി മാറ്റാന്‍ അഭിഷേക് ശ്രദ്ധിക്കണമെന്നാണ് സെവാഗ് നല്‍കിയ ഉപദേശം. അങ്ങനെ ചെയ്യാത്തതില്‍ ഖേദം തോന്നുന്ന ഒരു സമയം വരുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.നിങ്ങള്‍ എപ്പോള്‍ 70 നേടുന്നോ അപ്പോഴെല്ലാം 100 റണ്‍സ് നഷ്ടപ്പെടുത്തരുതെന്ന് സുനില്‍ ഗവാസ്‌കര്‍ എന്നോട് പറയുമായിരുന്നു. ആളുകള്‍ 70കളില്‍ അല്ലെങ്കില്‍ 80കളില്‍ പുറത്തായ പ്രകടനം ഓര്‍ക്കുമായിരിക്കാം. എന്നാല്‍ അവ കണ്‍വര്‍ട്ട് ചെയ്യാനായാല്‍ കരിയറില്‍ കൂടുതല്‍ സെഞ്ചുറികള്‍ നിങ്ങളുടെ പേരിലുണ്ടാകും. ഈ അവസരങ്ങള്‍ വീണ്ടും വീണ്ടും വരില്ല. നിങ്ങളുടെ ദിവസം പുറത്താകാതെ നില്‍ക്കാന്‍ ശ്രമിക്കുക. അത് നല്ലതാണ്. സെവാഗ് പറഞ്ഞു.