ഐസിസി ടെസ്റ്റ് റാങ്കിങ്: ഒന്നാം റാങ്കുമായി കോഹ്ലിപ്പട പുതുവർഷത്തിലേക്ക്
ഒന്നാം റാങ്കുമായി ടീം ഇന്ത്യ പുതുവർഷത്തേക്ക്
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ഇന്ത്യൻ ടീമിനു പുതുവർഷത്തെ വരവേൽക്കാം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–0നു സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റിൽ ഇന്നിങ്സിനും 75 റൺസിനുമാണ് വിജയിച്ചത്. ഈ പരമ്പരയിൽനിന്ന് ഇന്ത്യയ്ക്കു അഞ്ചു റാങ്കിങ് പോയിന്റാണ് ലഭിച്ചത്.
120 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെക്കാൾ 15 പോയിന്റ് മുന്നിലാണ് ഇന്ത്യ. എന്നാൽ പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയ്ക്കൊപ്പം 105 പോയിന്റിലായിരുന്ന ഇംഗ്ലണ്ടിന് വൻ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിങ് പ്രകാരം 101 പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്.
102 പോയിന്റ് വീതമുള്ള പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണു മൂന്നും നാലും സ്ഥാനങ്ങളിൽ. ഈ വർഷം ഇനി പുതിയ റാങ്കിങ് ഇല്ല. പരമ്പരകൾക്കുശേഷമേ റാങ്കിങ് പുതുക്കാറുള്ളു. പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരയാണ് അടുത്തതായി പൂർത്തിയാകാനുള്ളത്. മൂന്നാം ടെസ്റ്റ് ജനുവരി മൂന്നുമുതൽ ഏഴുവരെയാണ്.