ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. പാകിസ്‌താനൊപ്പം ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക് ആരായിരിക്കും യോഗ്യത നേടുകയെന്ന് തീരുമാനിക്കുന്നതായിരിക്കും ഇന്നത്തെ പോരാട്ടം.ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ കെയ്ന്‍ വില്യംസണെയും സംഘത്തേയും നേരിടുമ്പോള്‍ അവസാനമായി ഒരു ഐസിസി ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ വിജയിച്ചിട്ട് 18 വർഷങ്ങളായി എന്ന സത്യം ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
ടി20യിൽ ഇരുടീമുകളും തമ്മിൽ 16 മത്സരങ്ങൾ ഏറ്റുമുട്ടിയപ്പോൾ എട്ട് വീതം മത്സരങ്ങളാണ് ഇരുടീമുകളും വിജയിച്ചത്.ലോകകപ്പിൽ ഇന്ന് രണ്ട് ടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2019 ഏകദിന ലോകകപ്പ് സെമിയിലും ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യയ്ക്ക് പകരംവീട്ടാനുള്ള അവസരംകൂടിയാണിത്.
അതേസമയം നിർണായകമായ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ ടീമിൽ ഫോമിലല്ലാത്ത ഭുവനേശ്വർ കുമാറിന് പകരം ഓൾറൗണ്ടർ ശാർദ്ദൂൽ ഠാക്കൂർ ഇടം പിടിക്കാൻ സാധ്യതയുണ്ട്.ദുബായിലെ പിച്ചിൽ സ്കോറിങ് അത്ര എളുപ്പമല്ല. നേർത്ത മഞ്ഞുവീഴ്‌ച്ചയുള്ളത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഗുണം ചെയ്യും എന്നതിനാൽ ടോസ് കിട്ടുന്ന ടീം ഫീൽഡിങ് തിരെഞ്ഞെടുക്കാനാണ് സാധ്യത.