മോശം ഫോമിലുള്ള കെ എൽ രാഹുൽ കഴിഞ്ഞ ഇൻഡോർ ടെസ്റ്റിൽ കളിക്കാതിരുന്നത് നന്നായെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. മത്സരത്തിൽ രാഹുലിന് പകരം ഓപ്പണറായെത്തിയ ശുഭ്മാൻ ഗില്ലും റൺസെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലാവരും തന്നെ പരാജയപ്പെട്ട പിച്ചിൽ രാഹുൽ കളിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ടെസ്റ്റ് കരിയർ തന്നെ അവസാനിക്കാൻ അത് കാരണമായേനെയെന്ന് ശ്രീകാന്ത് പറയുന്നു.
ഇൻഡോറിൽ രാഹുൽ കളിക്കാതിരുന്നതിൽ എനിക്ക് ദൈവത്തോട് നന്ദിയുണ്ട്. കാരണം ഇൻഡോർ ടെസ്റ്റിൽ രാഹുൽ കളിക്കുകയും മറ്റ് ബാറ്റർമാരെ പോലെ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ രാഹുലിൻ്റെ ടെസ്റ്റ് കരിയർ തന്നെ അവസാനിച്ചേനെ. കാരണം ഇത്തരം പിച്ചുകളിൽ റൺസ് നേടുക എളുപ്പമല്ല.വിരാട് കോലി പോലും ഈ പിച്ചിൽ റൺ നേടാൻ കഷ്ടപ്പെട്ടു.
2008ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ സ്പിന്നിങ് പിച്ചുകളൊരുക്കാതെ തന്നെ നമ്മൾ 2-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കളി നടക്കുന്ന പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും നല്ല മാതൃകകളല്ല. ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ തന്നെ പന്ത് കുത്തിതിരിയുന്ന പിച്ചിൽ എങ്ങനെയാണ് ബാറ്റ് ചെയ്യുക. ശ്രീകാന്ത് ചോദിച്ചു.