അവന്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഇന്ത്യക്ക് ജയിക്കാം; ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി ജസ്റ്റിന്‍ ലാംഗര്‍
കോലിയും രഹാനെയും ക്രീസില്‍ ഉണ്ട് എന്നത് മാത്രമാണ് നിലവില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയാണ് ഇന്ത്യ. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. അവസാന ദിനം ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 280 റണ്‍സാണ്. എന്നാല്‍ ബൗണ്‍സിന് അനുകൂലമായ ഓവലിലെ പിച്ചില്‍ അവസാന ദിനം ഇത്ര വലിയ സ്‌കോര്‍ പിന്തുടരുക ദുഷ്‌കരമാണ്. ഓവലില്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീം പോലും ഇതുവരെ 300 റണ്‍സില്‍ കൂടുതല്‍ ചേസ് ചെയ്തു വിജയിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് 444 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇന്ത്യ കളിക്കുന്നത്.
കോലിയും രഹാനെയും ക്രീസില്‍ ഉണ്ട് എന്നത് മാത്രമാണ് നിലവില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷ. ഇന്ന് ആദ്യ സെഷന്‍ മുഴുവന്‍ വിക്കറ്റ് പോകാതെ നിന്നാല്‍ പോലും അടുത്ത രണ്ട് സെഷനിലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും 2021 ല്‍ ഗാബയില്‍ സംഭവിച്ചത് ഇത്തവണ ഓവലില്‍ ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനിടെ ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി മൂന്‍ ഓസീസ് താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗര്‍ രംഗത്തെത്തി.
കോലി ക്രീസില്‍ ഉള്ളിടത്തോളം ഇന്ത്യക്ക് ഓവലില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് ലാംഗറിന്റെ വാക്കുകള്‍. ' കോലി ക്രീസില്‍ ഉണ്ടെങ്കില്‍ ഇപ്പോഴും ഇന്ത്യക്ക് വിജയ സാധ്യതയുണ്ട്. മികച്ച കളിക്കാര്‍ എപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കോലിയുടെ വിക്കറ്റ് പോകാതെ ഓസ്‌ട്രേലിയ ആശ്വസിക്കുമെന്ന് തോന്നുന്നില്ല,' ലാംഗര്‍ പറഞ്ഞു.