ഈ അടുത്തകാലത്തൊന്നും തന്നെ ഇത്രയും വെല്ലുവിളി ഉയർത്തിയ സീരീസിൽ ഇന്ത്യ മത്സരിച്ചുകാണില്ല. എതിരാളികളിൽ നിന്നും മാത്രമല്ല തുടർച്ചയായ പരിക്കുകളും ഇന്ത്യയെ വല്ലാതെ തളർത്തുന്നു. എങ്കിലും ലഭ്യമായ വിഭവങ്ങൾ വെച്ച് കടുത്ത ചെറുത്തുനിൽപ്പ് തന്നെ ടീം നടത്തുന്നു. എന്നാൽ സിഡ്‌നിയിലെ ഐതിഹാസികമായ സമനിലയ്‌ക്ക് ശേഷം നാലാം ടെസ്റ്റിൽ ഇന്ത്യ ബ്രിസ്‌ബെയ്‌നിൽ എത്തുമ്പോൾ കാര്യങ്ങൾ ഒന്നും തന്നെ ശുഭകരമല്ല.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നീ പ്രധാനതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ടീമിനെ വലയ്‌ക്കുന്നത്. നേരത്തെ ഉമേഷ് യാദവ്,മുഹമ്മദ് ഷമി,കെഎൽ രാഹുൽ എന്നിവർ പരിക്ക് കാരണം പരമ്പരയിൽ നിന്നും പുറത്തായിരുന്നു.
ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഇരുടീമുകള്‍ക്കും ഫൈനലിനു തുല്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മികച്ച ഇലവനെ അണിനിരത്തുകയെന്നത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്. മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷായെ നാലാം ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിച്ചേക്കും. പുതുമുഖ പേസര്‍ ടി നടരാജന് അരങ്ങേറ്റത്തിനും അവസരമൊരുങ്ങുവാൻ സാധ്യതയുണ്ട്. ചെറിയ പരിക്കുള്ള മായങ്ക് അഗർവാളിനെ ടീം കളിപ്പിക്കുമോ എന്നതിലും സംശയമുണ്ട്.ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്താനിടയുള്ള മറ്റൊരു താരം.