South Africa vs India, 1st T20: ടെസ്റ്റില്‍ എലികളായെങ്കിലും ട്വന്റി 20 യിലെ പുലികള്‍ ഞങ്ങള്‍ തന്നെ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ (50 പന്തില്‍ 107) തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ നേടുന്നത്
South Africa vs India, 1st T20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 61 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ 17.5 ഓവറില്‍ 141 ന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം. നാല് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ 1-0 ത്തിനു ഇന്ത്യ ലീഡ് സ്വന്തമാക്കി.
ഹെന്‍റിച്ച് ക്ലാസന്‍ (22 പന്തില്‍ 25), ജെറാള്‍ഡ് കോട്‌സീ (11 പന്തില്‍ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാര്‍. നാല് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവര്‍ ഇന്ത്യക്കായി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന് രണ്ടും അര്‍ഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റും.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ (50 പന്തില്‍ 107) തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ നേടുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 യിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ട്വന്റി 20 യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. ഏഴ് ഫോറും 10 സിക്‌സും അടങ്ങിയതാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്‌സ്. തിലക് വര്‍മ (18 പന്തില്‍ 33), സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 21) എന്നിവരാണ് സഞ്ജുവിന് മികച്ച പിന്തുണ നല്‍കിയത്.