ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്ങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്ങ്‌സില്‍ 131 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയ്ക്ക് മാത്രമായിരുന്നു രണ്ടാം ഇന്നിങ്ങ്‌സില്‍ തിളങ്ങാനായത്. കോലിയെ കൂടാതെ ശുഭ്മാന്‍ ഗില്‍ മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി രണ്ടക്കം കണ്ട ബാറ്റര്‍.
അതേസമയം ദക്ഷിണാഫ്രിക്കക്കായി തന്റെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന മുന്‍ നായകന്‍ ഡീന്‍ എല്‍ഗാറിന്റെ പ്രകടനമാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കിയത്. മത്സരത്തില്‍ 185 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ എല്‍ഗാര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി തന്റെ ടെസ്റ്റ് കരിയറിലെ 14മത് സെഞ്ചുറിയായിരുന്നു താരം കുറിച്ചത്. എന്നാല്‍ മത്സരശേഷം അമിതമായി എല്‍ഗാര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമായി. ഇന്ത്യ കരുത്തുറ്റ ടീമാണെന്നും തോല്‍വിയില്‍ നിന്നും തിരിച്ചുവരാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും എല്‍ഗാര്‍ പറഞ്ഞു. അതിനാല്‍ തന്നെ രണ്ടാം ടെസ്റ്റിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും എല്‍ഗാര്‍ വ്യക്തമാക്കി.