കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി
അസോസിയേറ്റ് രാജ്യങ്ങളായ നമീബിയ, യുഎസ്എ ടീമുകളുടെ സ്പിന്‍ നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നു എന്നത് ആശങ്കയോടെയാണ് ആരാധകര്‍ കാണുന്നത്.
ടി20 ലോകകപ്പില്‍ യു.എസ്.എയെയും നമീബിയയെയും തകര്‍ത്ത് പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയെങ്കിലും സ്പിന്നിനെതിരായ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ ആശങ്ക പങ്കുവെച്ച് ആരാധകര്‍. നമീബിയക്കെതിരെ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായെങ്കിലും മധ്യഓവറുകളില്‍ നമീബിയന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ കുഴങ്ങിയിരുന്നു.
അസോസിയേറ്റ് രാജ്യങ്ങളായ നമീബിയ, യുഎസ്എ ടീമുകളുടെ സ്പിന്‍ നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നു എന്നത് ആശങ്കയോടെയാണ് ആരാധകര്‍ കാണുന്നത്. നമീബിയന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ അണ്‍ഓര്‍ത്തഡോക്‌സ് സ്പിന്നിന് മുന്നില്‍ 4 വിക്കറ്റുകള്‍ ഇന്ത്യ നഷ്ടമാക്കിയിരുന്നു. സ്പിന്നിനെ കാര്യമായി പിന്തുണയ്ക്കാത്ത പിച്ചില്‍ പോലും ബാറ്റര്‍മാര്‍ പതറുന്നത് ടീമിന് ശുഭസൂചനയല്ല.
അതേസമയം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാരുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, സയിം അയൂബ് എന്നിവര്‍ക്കൊപ്പം ബൗളിംഗ് ആക്ഷന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഉസ്മാന്‍ താരിഖ് കൂടി ചേരുന്നതോടെ കനത്ത സ്പിന്‍ ആക്രമണമാകും പാകിസ്ഥാന്‍ ഒരുക്കുക എന്നത് ഉറപ്പാണ്. പാക് സ്പിന്നര്‍മാരെ പ്രതിരോധിക്കാന്‍ റിവേഴ്‌സ് സീപ്പുകള്‍ ചെയ്യുന്ന താരങ്ങള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലില്ല എന്നത് വലിയ തിരിച്ചടിയാണ്. പാകിസ്ഥാന്‍ സ്പിന്‍ ആക്രമണത്തിന് ബദലായി സ്പിന്‍നിരയെ തന്നെയാകും ഇന്ത്യ പാകിസ്ഥാനെതിരെയും അണിനിരത്തുക. അങ്ങനെയെങ്കില്‍ റിങ്കു സിംഗിന് പകരം വാഷിങ്ങ്ടണ്‍ സുന്ദറും അര്‍ഷദീപിന് പകരം കുല്‍ദീപ് യാദവും പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയേക്കും.