Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയയിലെ മിന്നും വിജയത്തില്‍ പിറന്ന ഒരുപിടി തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

ഓസ്‌ട്രേലിയയിലെ മിന്നും വിജയത്തില്‍ പിറന്ന ഒരുപിടി തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

ഓസ്‌ട്രേലിയയിലെ മിന്നും വിജയത്തില്‍ പിറന്ന ഒരുപിടി തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍
, തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (16:59 IST)
പുല്ലുള്ള പിച്ചും ചീറിപ്പായുന്ന പന്തുകളും തുണച്ചില്ല, ആരാധകരുടെ കൂക്കി വിളിയും പരിഹാസവും വിലപ്പോയില്ല. സ്വന്തം മണ്ണില്‍ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ അഡ്‌ലെയ്‌ഡില്‍ പൊട്ടിച്ചിരിക്കാനുള്ള ഭാഗ്യം ലഭിച്ചത് വിരാട് കോഹ്‌ലിക്ക്.

മുന്നിര തകര്‍ന്നിട്ടും പോരാട്ട വീര്യം ചോരാതെ പൊരുതി നിന്ന ഓസ്‌ട്രേലിയന്‍ വാലറ്റം പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ പോലും അവര്‍ക്കായി. മിച്ചൽ സ്‌റ്റാര്‍ക്ക് – പാറ്റ് കമ്മിൻസ് സഖ്യവും പത്താം വിക്കറ്റിൽ ഒത്തു ചേര്‍ന്ന നഥാൻ ലിയോൺ – ജോഷ് ഹെയ്സൽവുഡ് കൂട്ടുകെട്ടും ടെസ്‌റ്റ് ക്രിക്കറ്റിന്റെ മനോഹാരിത തെളിയിച്ചു.

എന്നാല്‍, ഈ ചെറുത്തു നില്‍പ്പിലും ബാറ്റ്‌സ്‌മാന്മാരെ സമ്മര്‍ദ്ദത്തിലാക്കി പന്തെറിഞ്ഞ ബോളര്‍മാരാണ് ഇന്ത്യന്‍ പാളയത്തിലേക്ക് ജയം എത്തിച്ചത്. ബോളര്‍മാരുടെ മികവാണ് ജയത്തിന് അടിത്തറയായതെന്ന കോഹ്‌ലിയുടെ വാക്കുകള്‍ ഷമിക്കും കൂട്ടര്‍ക്കുമുള്ള സമ്മാനം കൂടിയാണ്.

അവസാന ദിനത്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ 31 റൺസിന്റെ ജയം ഇന്ത്യ പിടിച്ചെടുത്തപ്പോള്‍ കുറിക്കപ്പെട്ടത് നിരവധി റെക്കോര്‍ഡുകളാണ്.

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിതെന്നതാ‍ണ് ശ്രദ്ധേയം. ഓസ്ട്രേലിയയില്‍ 10 വര്‍ഷത്തിനു ശേഷമുള്ള ആദ്യ ടെസ്‌റ്റ് വിജയം കൂടിയാണിത്. 2008ല്‍ അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ടീം പെർത്തിലെ വാക്ക സ്റ്റേഡിയത്തിലാണ് അന്ന് ജയം പിടിച്ചെടുത്തത്.

പേസിന്റെയും ബൌണ്‍സിന്റെയും വിളനിലമായ ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമാണ്. 70 വർഷത്തെ ചരിത്രമാണ് ഇതോടെ മാറി മറിഞ്ഞത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും വിരാട് കോഹ്‌ലിയും സംഘവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡും വിരാടിന്റെ പേരിലായി.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമിയായ ഋഷഭ് പന്തും മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഒരു ടെസ്‌റ്റില്‍ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന റെക്കോർഡ് പട്ടികയിലാണ് യുവതാരം കയറിപ്പറ്റിയത്. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ 11 ക്യാച്ചുകളാണ് അദ്ദേഹം കൈപ്പിടിയിലൊതുക്കിയത്.

നഥാൻ ലിയോണിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കില്‍ 12 ക്യാച്ചുകള്‍ സ്വന്തമാക്കി പട്ടികയില്‍ ഒന്നാമനാകാനുള്ള അവസരം പന്തിന് ലഭിക്കുമായിരുന്നു. നേരത്തെ, ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയെ തോല്‍‌പ്പിക്കുന്ന റിഷഭ് പന്ത്; അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ശ്രദ്ധിക്കാതെ പോയ ചില ‘ചൂടന്‍ ഉടക്കുകള്‍’