ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോല്‍വി. വിജയലക്‍ഷ്യമായ 289 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 254 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത്ത് ശര്‍മയുടെ കൂറ്റന്‍ സെഞ്ച്വറി മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായുള്ളത്.
ആദ്യഘട്ടത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പതിയെ കരകയറിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നി. അവിശ്വസനീയമായ തകര്‍ച്ചയ്ക്ക് ശേഷം ധോണി - രോഹിത് സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ കളി രോഹിത് വീണതോടെ ഇന്ത്യയുടെ കൈയില്‍ നിന്ന് പോകുകയായിരുന്നു.
129 പന്തുകളില്‍ നിന്ന് 133 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ, സ്റ്റോണിസിന്‍റെ പന്തില്‍ മാക്സ്‌വെല്‍ പിടിച്ചാണ് പുറത്തായത്. ആറ് കൂറ്റന്‍ സിക്സറുകളും 10 ബൌണ്ടറികളും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിംഗ്സ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ഖാവാജ(59), മാര്‍ഷ്(54), ഹാന്‍ഡ്‌സ്‌കോംബ്(73) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പക്ഷേ അവിശ്വസനീയമായി തകര്‍ന്നു. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ധവാന്‍(0), കോഹ്‌ലി(3), അമ്പാട്ടി റായിഡു(0) എന്നിവരുടെ വിക്കറ്റുകള്‍ വീണപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി.
എന്നാല്‍ പിന്നീട് ഉത്തരവാദിത്തപൂര്‍ണമായ ബാറ്റിംഗാണ് രോഹിത് ശര്‍മയും ധോണിയും കാഴ്ചവച്ചത്. 96 പന്തുകള്‍ നേരിട്ട ധോണി 51 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന കാര്‍ത്തിക്കും 12 റണ്‍സെടുത്ത് പുറത്തായി. 29 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.