Champions Trophy 2025, India vs Australia Semi Final: ഇന്ത്യക്ക് വീണ്ടും ഓസീസ് 'ഭീഷണി'; പടിക്കല്‍ കലമുടയ്ക്കുമോ?
ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ ഇന്ത്യക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ
Champions Trophy 2025, India vs Australia Semi Final: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ഓസ്‌ട്രേലിയ. മാര്‍ച്ച് നാല് ചൊവ്വാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുക.
ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ ഇന്ത്യക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയത് ഇപ്പോഴും ഒരു 'ദുഃസ്വപ്നം' പോലെ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ കിടക്കുന്നു. 2023 ഏകദിന ലോകകപ്പ് തോല്‍വിക്കു ഓസ്‌ട്രേലിയയോടു പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്.
2015 ഏകദിന ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയെ ഓസീസ് തോല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല 2023 ല്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയത് മറ്റാരുമല്ല, ഓസ്‌ട്രേലിയ തന്നെ. 2011 ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ അവസാനമായി ഐസിസി ഇവന്റ് (ഏകദിനം) നോക്ക്ഔട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.
ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. മാര്‍ച്ച് അഞ്ച് ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. ഫൈനല്‍ മാര്‍ച്ച് ഒന്‍പത് ഞായറാഴ്ച നടക്കും.