ടി20 ലോകകപ്പ് അടുക്കുന്നു, ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സഞ്ജുവിന് നിർണായകം
5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ കാന്‍ബറയിലാണ് നടക്കുന്നത്.
ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യന്‍ ടീം. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ കാന്‍ബറയിലാണ് നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ കണ്ടെത്തുന്നതില്‍ ഈ പരമ്പര നിര്‍ണായകമാകും. അതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ മലയാളി താരം സഞ്ജു സാംസണിന് പരമ്പരയില്‍ തിളങ്ങേണ്ടി വരും.
ഏഷ്യാകപ്പില്‍ ഓപ്പണിംഗ് സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട സഞ്ജു മധ്യനിരയിലാണ് കളിച്ചത്. ഫൈനലിലടക്കം നിര്‍ണായകമായ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായിരുന്നു. ഇതോടെ ഇന്ത്യന്‍ മധ്യനിരയില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചെങ്കിലും ഓസ്‌ട്രേലിയക്കെതിരെ തിളങ്ങാനായെങ്കില്‍ മാത്രമെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകു.
ആദ്യ ടി20യില്‍ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവര്‍ തന്നെയാകും ഓപ്പണര്‍മാരായി എത്തുക. നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തും തിലക് വര്‍മ നാലാമനായും ക്രീസിലെത്തും. അഞ്ചാം സ്ഥാനത്താകും സഞ്ജു കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ അധിക ഉത്തരവാദിത്തവും ഇക്കുറി സഞ്ജുവിന്റെ തോളിലുണ്ടാകും. അക്‌സര്‍ പട്ടേല്‍ ടീമിലുള്ളതിനാല്‍ വരുണ്‍ ചക്രവര്‍ത്തി- കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിങ് ഇലവനില്‍ ഇടം നേടുക. ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷദീപ് സിംഗുമാകും ടീമിലെ പേസര്‍മാര്‍.