ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അങ്കം മുറുകുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്കാണ് കനത്ത സമ്മര്‍ദ്ദം. ബാറ്റിങ്ങിലും ബോളിങ്ങിലും സൂപ്പര്‍ താരങ്ങള്‍ നിരവധിയുള്ള ഇന്ത്യയ്ക്ക് സൂപ്പര്‍ താരങ്ങളില്ലാത്ത ഓസ്ട്രേലിയയെ പൂർണമായും പരാജയപ്പെടുത്താൻ ഇന്ത്യക്ക് കഴിയുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാർ പറയുന്നത്.
അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന് ആതിഥേയരോട് നാണം കെട്ടിരുന്നു. 26നാണ് പരമ്പരയിലെ മൂന്നാം മത്സരം. പരമ്പര കൈവിട്ടാല്‍ വിരാട് കോഹ്ലിയും രവിശാസ്ത്രിയും മറുപടി പറയേണ്ടി വരുമെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്.
പെര്‍ത്തിലെ മത്സരത്തില്‍ ഇന്ത്യയുടെ ടീം സെലക്ഷനും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കോഹ്‌ലി നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിയാണ്. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുകയാണെന്നും ഗവാസ്‌ക്കര്‍ ഒളിയമ്പെയ്തു.