ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ തകരുന്നു. 27 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്‌ടമായി തകര്‍ച്ച നേരിട്ട ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്.
ഗ്ലെന്‍ മാക്‍സ്‌വെല്‍ (2*) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോപ് (14*) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 3 വിക്കറ്റെടുത്ത ചാഹലുമാണ് മഞ്ഞപ്പടയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
തുടക്കത്തിലെ വിക്കറ്റ് വീഴ്‌ചയില്‍ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഷോൺ മാർഷ് – ഉസ്മാൻ ഖവാജ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. എന്നാല്‍, ചാഹലിന് വിക്കറ്റ് നല്‍കി ഇരുവരും മടങ്ങിയതോടെ ഓസ്‌ട്രേലിയ ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.
സ്കോർ ബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ അലക്സ് കാറെയെ (5) ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ കൈകളിലെത്തിച്ചാണ് ഭുവിയാണ് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. സ്‌കോര്‍ 27ൽ എത്തിയപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും (14 ) ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി. സ്‌കോര്‍ 123ല്‍ നില്‍ക്കെ സ്‌റ്റോണിസും ചാഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്ലിപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹം കൂടാരം കയറിയത്.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിജയ് ശങ്കർ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് സിറാജിനു പകരമായാണ് വിജയ് ശങ്കറിന്റെ വരവ്. അമ്പാട്ടി റായുഡുവിന് പകരം കേദാർ ജാദവ് എത്തി. കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചാഹലിനും ടീമിൽ ഇടം ലഭിച്ചു.