India vs England 1st Test: ഇതിലും വലിയ നാണക്കേടുണ്ടോ? ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് ലീഡ് നേടിയിട്ടും തോല്‍വി !
രണ്ടാം ഇന്നിങ്‌സില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു
India ve England 1st Test: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നാണംകെട്ട് ഇന്ത്യ. ഹൈദരബാദില്‍ നടന്ന ടെസ്റ്റില്‍ 28 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് കളി തിരിച്ചുപിടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സ് നേടിയ ഒലി പോപ്പാണ് കളിയിലെ താരം.
ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 436 റണ്‍സ് നേടിയിരുന്നു. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ അതീവ ശ്രദ്ധയോടെ ബാറ്റ് ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സ് നേടി.
രണ്ടാം ഇന്നിങ്‌സില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് ആയപ്പോള്‍ ഓപ്പണര്‍ യഷസ്വി ജയ്‌സ്വാളിനെ നഷ്ടമായി. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്‍ സംപൂജ്യനായി മടങ്ങി. നായകന്‍ രോഹിത് ശര്‍മ (58 പന്തില്‍ 39 റണ്‍സ്) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍.രാഹുല്‍ (22), ശ്രികര്‍ ഭരത് (28), രവിചന്ദ്രന്‍ അശ്വിന്‍ (28), അക്ഷര്‍ പട്ടേല്‍ (17), ശ്രേയസ് അയ്യര്‍ (13), രവീന്ദ്ര ജഡേജ (2) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.