Publish Date: Fri, 27 Aug 2021 (08:38 IST)
Updated Date: Fri, 27 Aug 2021 (08:46 IST)
ലീഡ്‌സ് ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡുമായി ഇംഗ്ലണ്ടിന്റെ മുന്നേറ്റം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 423 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് 345 ആയി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വെറും 78 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി നായകന്‍ ജോ റൂട്ട് സെഞ്ചുറി നേടി. 165 പന്തില്‍ നിന്ന് 14 ഫോറുമായി 121 റണ്‍സ് നേടിയാണ് റൂട്ട് പുറത്തായത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ഹസീബ് ഹമീദ് എന്നിവരും മൂന്നാമന്‍ ഡേവിഡ് മലാനും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. മൂന്ന് ദിവസങ്ങള്‍ കൂടി ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പാടുപെടേണ്ടിവരും.