Publish Date: Thu, 18 Mar 2021 (21:06 IST)
Updated Date: Thu, 18 Mar 2021 (21:11 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലെ ടീമിലെ മുൻനിര താരങ്ങളായ രോഹിത് ശർമ, കെഎൽ രാഹുൽ,വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവിന്റെ ചിറകിലേറി മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
70ന് 3 എന്ന നിലയിലായിരുന്ന ഇന്ത്യയെ തന്റെ ആദ്യ അർധസെഞ്ചുറിയിലൂടെ വലിയ തകർച്ചയിൽ നിന്നും ഒഴിവാക്കാൻ താരത്തിനായി. 31 പന്തുകൾ നേരിട്ട താരം 6 ഫോറുകളുടെയും 3 സിക്‌സറുകളുടെയും സഹായത്തോടെ 57 റൺസാണ് എടുത്തത്. ഇംഗ്ലണ്ട് ബൗളർമാക്കെതിരെ സമഗ്രമായ ആധിപത്യം പുലർത്തിയാണ് താരം കളിച്ചത്.
23 പന്തിൽ നിന്നും 30 റൺസുമായി റിഷഭ് പന്തും 18 പന്തുകളിൽ നിന്നും 37 റൺസുമായി ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റ് ബാറ്റ്സ്മാന്മാർ. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാലും ആദിൽ റഷീദ്,ബെൻ സ്റ്റോക്‌സ്,മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.