അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അയര്‍ലന്‍ഡ് ഇന്ത്യയെ അവസാനം വരെ വിറപ്പിച്ചു. വെറും നാല് റണ്‍സ് അകലെയാണ് അയര്‍ലന്‍ഡ് കീഴടങ്ങിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി.
ഡബ്ലിനില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡും തകര്‍ത്തടിച്ചു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റണ്‍സ് അയര്‍ലന്‍ഡ് നേടി. നായകന്‍ ആന്‍ഡ്രു ബല്‍ബിര്‍നി (37 പന്തില്‍ 60), പോള്‍ സ്റ്റിര്‍ലിങ് (18 പന്തില്‍ 40), ഹാരി ടെക്ടര്‍ (28 പന്തില്‍ 39), ജോര്‍ജ് ഡോക്‌റെല്‍ (16 പന്തില്‍ പുറത്താകാതെ 34), മാര്‍ക് അദെര്‍ (12 പന്തില്‍ പുറത്താകാതെ 23) എന്നിവര്‍ അയര്‍ലന്‍ഡിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തി. രണ്ട് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ അക്ഷര്‍ പട്ടേല്‍ ഒഴികെ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും കണക്കിനു അടി വാങ്ങി.
നേരത്തെ ദീപക് ഹൂഡയുടെ സെഞ്ചുറിയും സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹൂഡ 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സ് നേടി. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സ് നേടി.