നാടകീയമായ രംഗങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടത്തിനും ഒടുവിൽ പരമ്പര സ്വന്തമാക്കി കിവീസ്. ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യയെ ന്യൂസിലൻഡിന്റെ പുലികൾ തറപറ്റിച്ചു. ആവേശപ്പോരിനൊടുവിൽ വെറും നാല് റൺസിനാണ് ഇന്ത്യയ്ക്ക് ജയം നഷ്ടമായത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് മാത്രമാണ് എടുത്തത്. ഏകദിന പരമ്പര നേടിയ ഇന്ത്യയോട് മധുരപ്രതികാരം ചെയ്ത് കിവീസിന് ട്വന്റി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്. 
 
									
										
								
																	
	 
	പരമ്പര നിർണയിക്കാനുള്ള ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യ തോൽക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇന്ത്യയെ പരാജയപ്പെടുത്തിയത് ബോളിങ്ങിലെയും ഫീൽഡിങ്ങിലെയും ദയനീയ പ്രകടനമാണ്. ആദ്യ രണ്ട് കളികളിൽ ഇരുടീമുകളും ജയിച്ചപ്പോൾ മൂന്നാമത്തെ കളി നിർണായകമായി.  
 
									
											
							                     
							
							
			        							
								
																	
	 
	ന്യൂസിലൻഡിനു ബാറ്റുകൊണ്ട് മറുപടി നൽകാനിരുന്ന ഇന്ത്യയ്ക്ക് പക്ഷേ തുടക്കം പിഴച്ചു. ശിഖർ ധവാനെ നഷ്ടമായെങ്കിലും പോരാട്ടത്തിൽ തളരാതെ ഇന്ത്യൻ ടീം കളി തുടങ്ങി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ – വിജയ് ശങ്കർ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു.
 
									
			                     
							
							
			        							
								
																	
	 
	28 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമയും 38 റൺസെടുത്ത് കളത്തിൽ നിറഞ്ഞു നിന്നു. ഇത്തവണ ധോണിയുടെ തന്ത്രങ്ങൾ ഒന്നും ഫലം കണ്ടില്ല. നിരാശപ്പെടുത്തിയത് ഓപ്പണർ ശിഖർ ധവാനും മഹേന്ദ്രസിങ് ധോണിയും മാത്രമാണ്.